പത്തനംതിട്ട: മദ്യവില്പന ശാലയിൽ സിസി ടിവിയിൽ കുടുങ്ങിയ മോഷ്ടാവിനെ ജീവനക്കാർ പിടികൂടിയെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക്12.15 നാണ് സംഭവം. പത്തനംതിട്ട മാർക്കറ്റ് റോഡിലെ കൺസ്യൂമർ ഫെഡ് വിദേശമദ്യ സൂപ്പർമാർക്കറ്റിൽ ശനിയാഴ്ച വൈകുന്നേരം കണക്കു നോക്കിയപ്പോൾ ബില്ലിലും സ്റ്റോക്കിലും പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിസി ടിവി പരിശോധിച്ചപ്പോഴാണ് പ്രീമിയം കൗണ്ടറിൽ നിന്ന് ഹെൽമറ്റ് ധരിച്ച യുവാവ് മദ്യക്കുപ്പിയുമായി പണം നൽകാതെ പുറത്തേക്ക് പോകുന്നത് കണ്ടത്.
ഇത് സംബന്ധിച്ച് പത്തനംതിട്ട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ ഇയാൾ ഇന്നലെ വീണ്ടും ഷോപ്പിലെത്തിയപ്പോൾ ജീവനക്കാർ പിടികൂടി. പോലീസിനെ വിവരം അറിയിച്ചതിന് ശേഷം ജീവനക്കാർ ചോദ്യം ചെയ്യുന്നതിനിടെ കൈ തട്ടിമാറ്റി മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
ചന്തയ്ക്ക് സമീപമുള്ള ആറടി ഉയരമുള്ള മതിൽ ചാടി കടന്നാണ് ഇയാൾ രക്ഷപ്പെട്ടത്. 950 രൂപ വിലയുള്ള മദ്യക്കുപ്പിയാണ് മോഷണം പോയത്. ഹെൽമെറ്റ് വച്ച് എത്തിയെങ്കിലും ബൈക്ക് കണ്ടെത്തിയിട്ടില്ല. മറ്റ് എവിടെയെങ്കിലും ബൈക്ക് വച്ചിട്ട് നടന്നുവന്നതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.