കോന്നി: കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തോടെ പ്രചാരണത്തിനു പുതിയൊരു മാനം നല്കിയിരിക്കുകയാണ് എൻഡിഎ. സ്ഥാനാർഥിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണശൈലിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വിവിധ സ്ഥലങ്ങളിൽ എത്തുന്പോൾ അവിടെയുള്ള പ്രവർത്തകരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് വോട്ടുതേടൽ. ചിറ്റാറിലെ വിവിധ കോളനികളിൽ വോട്ടുതേടിയപ്പോൾ കോളനി നിവാസികളോടൊപ്പം വിവിധ പരിപാടികളിൽ കൂടി പങ്കെടുത്താണ് സുരേന്ദ്രൻ മടങ്ങിയത്.
ഉറിയടി മത്സരത്തിൽവരെ അങ്ങനെ ഭാഗഭാക്കായി. സ്ഥാനാർഥിയുടേതായ തിരക്കുകൾ മാറ്റിവച്ച് പരമാവധി വോട്ടർമാർക്കൊപ്പം ഇഴകിച്ചേരുകയാണ് സ്ഥാനാർഥി. വിജയദശമി ദിനത്തിൽ ക്ഷേത്ര ദർശനങ്ങൾ നടത്തി. അരുവാപ്പുലം ഭുവനേശ്വരീ ക്ഷേത്രത്തിൽ കാണിക്കയിട്ട് ദേവിയെ വണങ്ങിയതിനു ശേഷം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊണ്ടായിരുന്നു പ്രചാരണം.
കുളങ്ങരേത്ത് സായ് കൃഷ്ണയുടെയും ജ്യോതി ലക്ഷ്മിയുടെയും മകൾ വൈഗ കൃഷ്ണ, രാജേന്ദ്രൻ സജിത ദമ്പതികളുടെ മകൻ അനശ്വർ രാജ് തുടങ്ങിയവരാണ് ആദ്യാക്ഷരം കുറിക്കാൻ കെ. സുരേന്ദ്രന്റെ കൈകൾ പിടിച്ചത്. സ്ഥാനാർഥിയുടെ മണ്ഡലപര്യടനം ഇതേരീതിയിൽ പുരോഗമിക്കുന്പോൾ നേതാക്കൾ കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽ മുഴുകിയിരിക്കുകയാണ്.