എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കൂടത്തായിലെ കൊലപാതക കേസിലെ പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് പ്രകാരം ഭൂമി സ്വന്തമാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർക്കതിരേ വകുപ്പു തല അന്വേഷണം നടത്താൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശം. ജോളിക്ക് സ്വത്ത് തട്ടിയെടുക്കാൻ കൂട്ടു നിന്ന റവന്യൂ വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കാനും അന്വേഷണം നടത്താനുമാണ് നിർദ്ദേശം.
റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ പ്രാഥമിക അന്വേഷണം നടത്താൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ നേരത്തെ ഡെപ്യൂട്ടി തഹസിൽദാറും നിലവിൽ തഹസിൽദാറുമായ വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവർക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വനിത ഉദ്യോഗസ്ഥയ്ക്കെതിരേയും താമരശേരി തഹസിൽദാർ ഓഫീസിലേയും കൂടത്തായി വില്ലേജ് ഓഫീസിലേയും ജീവനക്കാർക്കെതിരേയും അന്വേഷണം ഉണ്ടാകും. ഇതു സംബന്ധിച്ച് റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും കുറ്റക്കാർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനുമാണ് നിർദ്ദേശം.
കോഴിക്കോട് ജില്ലാ കളക്ടറെ തന്നെ അന്വേഷണത്തിനായി നിയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ അതിന്റെ അന്വേഷണ പുരോഗതിക്ക് അനുസരിച്ചായിരിക്കും കടുത്ത നടപടികളിലേക്ക് കടക്കുക. പ്രാഥമിക അന്വേഷണത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരേയുള്ള ആരോപണങ്ങളിൽ കഴന്പുണ്ടെന്ന് കണ്ടത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണം തന്നെ ഉണ്ടാകും.