നെടുമ്പാശേരി: ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി നെടുമ്പാശേരി വിമാനത്താവളം മാറുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ഒൻപത് മാസത്തിനിടെ പിടികൂടിയത് 9.5 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരമാണ്. ഈ കാലയളവില്‍ തന്നെ പിടിയിലായതിന്റെ പതിന്മടങ്ങ് മയക്കുമരുന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടല്‍ കടന്നിട്ടുണ്ടാകുമെന്നും കണക്കാക്കുന്നു. രഹസ്യ വിവരം ലഭിക്കുകയോ ഏതെങ്കിലും വിധത്തിലുള്ള സംശയം തോന്നി വിശദമായ പരിശോധന നടത്തുമ്പോഴോ മാത്രമാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് സംഘം പിടിയിലാകുന്നത്.
കുറഞ്ഞ വിലയ്ക്ക് സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിദേശത്ത് എത്തുന്നതോടെ വില കോടികളായാണ് വര്‍ധിക്കുന്നത്. അതുകൊണ്ടു തന്നെ കരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വന്‍ ഓഫറുകളാണ് സംഘം നല്‍കുന്നത്. അടുത്ത കാലത്ത് നെടുമ്പാശേരിയില്‍ പിടിയിലായ മയക്കുമരുന്നില്‍ കൂടുതലും ദോഹയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടതായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം സ്വദേശി ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.62 കിലോഗ്രാം ഹാഷിഷ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തില്‍ നാല് പ്രതികള്‍ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.
പിന്നീട് മാര്‍ച്ച് അഞ്ചിന് മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷുമായി മാലി സ്വദേശി വിമാനത്താവളത്തില്‍ പിടിയിലായി. കഴിഞ്ഞ മാസവും നെടുമ്പാശേരി വഴി ദോഹയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം നടന്നു. മൂന്ന് കോടിയോളം രൂപ വില വരുന്ന മെതാംഫെറ്റമൈന്‍ എന്ന മയക്കുമരുന്നാണ് സെപ്റ്റംബർ 21 ന് സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച മൂന്ന് പേരില്‍ നിന്നായി പിടികൂടിയ 850 ഗ്രാം മെതാംഫെറ്റമൈന്‍ മയക്കുമരുന്നില്‍ 550 ഗ്രാം ദോഹയിലേക്കും 300 ഗ്രാം മലേഷ്യയിലേക്കും കടത്താന്‍ ലക്ഷ്യമിട്ടതായിരുന്നു. രണ്ട് കോടിയോളം രൂപ ഇതിന് വില വരും.
വിവിധ സ്ഥലങ്ങളില്‍നിന്നും കൊച്ചിയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തുന്നതായി വളരെ നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളിലേക്കും വന്‍ തോതില്‍ മാരകമായ മയക്കുമരുന്നുകള്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികള്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയിരുന്നത്.