വൈപ്പിൻ: ഫോർട്ട് വൈപ്പിനിൽ അഴിമുഖത്തിനു അഭിമുഖമായി സന്ദർശകർക്ക് വേണ്ടി നിർമിച്ച നടപ്പാത പലയിടത്തും തകർന്നു. ടൈലിനു താഴെ നിരത്തിയിരുന്ന കരിങ്കല്ലുകൾക്കിടയിൽനിന്നും മണ്ണ് ഒലിച്ച് പോയതാണ് നടപ്പാത തകരാൻ കാരണം. വേലിയേറ്റവും ശക്തമായ തിരമാലകളുമാണ് മണ്ണൊലിപ്പിനു ഇടയാക്കിയത്. ശക്തമായ തിരമാലകളും വേലിയേറ്റവും ഉള്ള കൊച്ചി അഴിമുഖത്ത് ഇത്തരത്തിലുള്ള നടപ്പാത നിർമിക്കുന്പോൾ വേണ്ട സാങ്കേതിക മുൻകരുതലുകൾ എടുക്കാതിരുന്നതും അറ്റകുറ്റപ്പണികൾ നടത്താതിരുന്നതുമാണ് വിനയായത്.
മണ്ണൊലിപ്പ് ചൂണ്ടിക്കാട്ടി പരിസരവാസികൾ പലകുറി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടും ഇതൊന്നും ചെവിക്കൊണ്ടില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ഏതാണ്ട് ആറ് വർഷങ്ങൾക്ക് മുന്‍പ് നിർമ്മിച്ചതാണ് ഈ നടപ്പാത. ഒഴിവു ദിനങ്ങളിൽ രാപകൽ എന്നില്ലാതെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും നടപ്പാതയിൽ നിറയെ സന്ദർശകരായിരിക്കും. 460 മീറ്റർ ദൂരത്തിൽ പടിഞ്ഞാറോട്ട് നിർമ്മിച്ചിട്ടുള്ള നടപ്പാത ഫോർട്ട് വൈപ്പിൻ സുവർണതീരം ബീച്ചിലേക്കുള്ള മാർഗവുമാണ്.
തകർന്നു കിടന്നിട്ടും സന്ദർശകർ ഇതിലൂടെ നടക്കുന്നുണ്ടെങ്കിലും ഏത് സമയത്തും അപകടം ഉണ്ടായേക്കുമെന്നാണ് പരിസരവാസികൾ പറയുന്നത്. മാത്രമല്ല പരിസരത്തുള്ള വീടുകൾ, പള്ളി, സ്കൂൾ തുടങ്ങിയവക്കും ഭീഷണിയുണ്ടെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെഎൽസിഎ സംസ്ഥാന മാനേജിംഗ് കമ്മിറ്റിയംഗം രാജു സേവ്യാർ, ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മ കണ്‍വീനർ ജോണി വൈപ്പിൻ എന്നിവർ ആവശ്യപ്പെട്ടു.