കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി സൂചന. ഇതു സംബന്ധിച്ച് അടുത്ത ബന്ധുക്കളായ അഞ്ചു പേർ പോലീസിന് മൊഴി നൽകി.
ഒരിക്കൽ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചപ്പോൾ എല്ലാവരും ഛർദിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയത്. എന്നാൽ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തി. കറിയിലാണ് വിഷാംശമുണ്ടായിരുന്നത്. മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളിൽക്കൂടി ദുരൂഹത വർധിക്കുകയാണ്. മരിച്ച ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിൻ എന്നയാളുടെ മകൻ വിൻസന്റ് 2002ൽ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകൻ സുനീഷ് 2008ൽ വാഹനാപകടത്തിൽ മരിച്ചു. ഇരുവർക്കും ജോളിയുമായി അടുത്ത ബന്ധവും സാന്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് വിവരം.
കേസിൽ സമഗ്ര അന്വേഷണം വേണമെന്നും താൻ ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നുവെന്നും സുനീഷിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. എസ്പി ടി.ജി. സൈമണും ഡിവൈഎസ്പി ആർ. ഹരിദാസും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.