ഒരു കാലത്ത് മലയാള സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ നായികയായിരുന്നു സുചിത്ര. എന്നാല്‍ വിവാഹത്തോടെ താരം സിനിമാലോകം വിട്ടത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ ഇത്രയും ദീര്‍ഘമായ ഇടവേളയെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം.
മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണുള്ളതെന്നും ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത് എന്നതിനാല്‍ വളരെ ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കുകയുള്ളൂ എന്നും താരം പറയുന്നു.”എന്റെ സഹോദരന് ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.’ സുചിത്ര പറയുന്നു.
തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…വിവാഹാലോചന വരുമ്പോള്‍ മുരളി ഡല്‍ഹിയില്‍ ജെറ്റ് എയര്‍വെയ്സില്‍ പൈലറ്റായിരുന്നു. പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സിലേക്കു മാറി. മുരളി ജോലിക്കു പോയാല്‍ ഒരു മാസം കഴിഞ്ഞേ വരൂ. അത്രയും നാള് ഞാന്‍ ഒറ്റപ്പെടും, പരിചയമുള്ള ആരുമില്ല ചുറ്റും. ആറു മാസം ആ വേദന അനുഭവിച്ചു. അങ്ങനെയിരിക്കെ പൈലറ്റ് ജോലി ഉപേക്ഷിക്കാമോ എന്നു ഞാന്‍ മുരളിയോടു ചോദിച്ചു. എന്റെ വിഷമം കണ്ടിട്ടാകണം അദ്ദേഹം സമ്മതിച്ചു.
സോഫ്റ്റ്വെയര് എന്‍ജിനീയറിംഗ് പഠിച്ച മുരളിക്ക് ഐടി മേഖലയിലേയ്ക്ക് മാറിയപ്പോള്‍ പഠനം തുടരുകയും തുടര്‍ന്ന് റോബട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ഫീല്‍ഡില്‍ ജോലിയും കിട്ടി. മോളുണ്ടായപ്പോള്‍ ബ്രേക്ക് എടുത്തെങ്കിലും അവള് വളര്‍ന്നതോടെ വീണ്ടും ജോലിക്കു പോയി തുടങ്ങി. പിന്നീട് ഡാലസിലേക്ക് താമസം മാറിയെന്നും സുചിത്ര പറഞ്ഞു. അക്കാലത്ത് സിനിമയില്‍ നിന്ന് കുറേ ഓഫറുകള്‍ വന്നെങ്കിലും പഠനത്തിരക്കില്‍ അവയെല്ലാം ഒഴിവാക്കുകയായിരുന്നുവെന്ന് സുചിത്ര പറയുന്നു.