കൊല്ലം : സിറ്റി – റൂറൽ മേഖലകളിൽ തോക്കു ചൂണ്ടി സ്ത്രീകളുടെ മാല കവർന്ന സംഭവത്തിൽ പിടിയിലായ കൊടും കുറ്റവാളി ഡൽഹി നോയിഡ സീമാ പുരി സ്വദേശി സത്യദേവ് (40) നെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങി. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തിരുന്നു. അതീവ സുരക്ഷയിൽ തിരുവനന്തപുരത്ത് ജയിലിൽ പാർപ്പിച്ചിട്ടുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് നടത്തിയിട്ടുള്ള പല മോഷണങ്ങളുടെയും ചുരുളഴിയും. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊല്ലത്ത് തെളിവെടുപ്പ് നടത്തും.
ഡൽഹി പോലിസിന്റെ പേടി സ്വപ്നമായ സത്യ ദേവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിപ്പിച്ചിട്ടുള്ളതാണ്. ഗ്യാംഗ് ലീഡറായ ഇയാളുടെ സംഘത്തിൽ നൂറോളം അംഗങ്ങളുണ്ട്. എല്ലാവരും വിദേശ നിർമ്മിത തോക്കുകൾ കൈവശം സൂക്ഷിക്കുന്നവരാണ്. കേരളാ പോലീസ് പിടികൂടുമ്പോൾ രണ്ടു വിദേശ നിർമ്മിത തോക്കുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. കവർച്ചകൾക്കിടയിൽ പിടിക്കപ്പെടുമെന്നായാൽ വെടിവെച്ച് രക്ഷപ്പെടുകയാണ് സംഘത്തിന്റെ രീതി.
രണ്ടു കൊലക്കേസുൾപ്പെടെ അറുപതോളം കേസുകളിലെ പ്രതിയാണ് സത്യദേവ്. വമ്പൻ ബന്ധങ്ങളുള്ളതിനാൽ എല്ലാ കേസുകളിലും സ്റ്റേഷൻ ജാമ്യത്തിൽ പുറത്തു വരികയാണ് പതിവ്. സീമാപുരി പോലീസ് സ്റ്റേഷനു സമീപമാണ് ഇയാളുടെ വസതി. ഇയാളെ പിടികൂടാൻ ശ്രമിച്ചാൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഡൽഹിയിലെത്തിയ കേരളാ പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനാൽ ഡൽഹി പോലീസിലെ സായുധ സേനാംഗങ്ങളുടെ സഹായത്തോടെയാണ് ദൗത്യം നിർവഹിക്കാൻ കഴിഞ്ഞത്.
ജില്ലയിൽ ആറിടത്ത് തോക്കു ചൂണ്ടിമാല കവർന്ന സംഘം സ്കോർപ്പിയോ വാഹനത്തിലാണ് കേരളത്തിലെത്തിയത്. മടങ്ങും വഴി ഹൈദരാബാദിലും സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു. റൂറൽ എസ്.പി.നിയോഗിച്ച പ്രത്യേക സംഘത്തിലെ നാലുസേനാംഗങ്ങളാണ് ഡൽഹിയിലെത്തി പ്രതിയെ പിടികൂടിയത്.
വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ച ഇയാളുടെ കൈകളിലും കാലുകളിലും വിലങ്ങണിയിച്ചിരുന്നു. ദ്രുതകർമ്മ സേനയുടെ സുരക്ഷയിലാണ് കൊല്ലത്തെത്തിച്ചത്. വടക്കേ ഇന്ത്യകൂടാതെ ദക്ഷിണേന്ത്യയിലും താവളമുറപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പോലീസിന് ലഭിച്ച വിവരം.