പത്തനാപുരം: ഗ്രാമീണമേഖലയിലും പാതകളിലും പേപ്പട്ടി ശല്യം രൂക്ഷമാകുന്നു.മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയാക്രമണത്തിൽ പരിക്കേൽക്കുന്നതും നിത്യസംഭവമായിരിക്കുന്നു.കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കടയ്ക്കാമണ്ണില്‍ പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലാണ്.പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷന് മേഖലയിലെ ആശുപത്രികളിലില്ലെന്ന ആരോപണവുമുണ്ട്.ഇതിനു പുറമേ തെരുവ് നായശല്യവും ക്രമാതീതമായി വർധിക്കുകയാണ്.ഇതുകാരണം ഇരുചക്രവാഹനയാത്രികർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുന്നു.
പുന്നല വില്ലേജ് ഓഫീസ്,കല്ലുംകടവ് സ്വകാര്യബസ് സ്റ്റാന്റ്,മാർക്കറ്റ് നടുക്കുന്നിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്,ചെലവന്നൂർ പടി,പനംമ്പറ്റ,മാക്കുളം,ഇടത്തറ,കുണ്ടയം എന്നിവിടങ്ങൾ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിയാളുകൾക്ക് പട്ടികളുടെ അക്രമണത്തിൽ പരിക്കേറ്റിരുന്നു.രാത്രിയിൽ നായ്ക്കൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നതിനാൽ ഇരുചക്രവാഹനയാത്രികരാണ് അധികവും അപകടത്തിൽ പെടുന്നത്.ഇതിനുപുറമെ വീടുകളിലെ വളർത്ത് മൃഗങ്ങൾക്ക് നേരെയും തെരുവ്നായ്ക്കളുടെ ശല്യം ഉണ്ടാകുന്നുണ്ട്.അനധികൃതമായി പലപ്രദ്ദേശങ്ങളിലും മാംസവിപണനകേന്ദ്രങ്ങൾ ആരംഭിച്ചതും തെരുവ് നായ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
അറവ്ശാലകളിൽ നിന്നുമുളള മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും പാതയോരങ്ങളിലാണ് മാലിന്യങ്ങൾ കൂടുതലും നിക്ഷേപിക്കപ്പെടുന്നത്.ഇതും തെരുവ്നായശല്യം വർദ്ധിക്കാനിടയായിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പിന്റെ കർശനനിർദ്ദേശങ്ങൾ കാരണം വർദ്ധിച്ചുവരുന്ന നായശല്യം പരിഹരിക്കാൻ അധികൃതർക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല.