പാലാ: കെഎസ്ആർടിസിയുടെ പാലാ-കാഞ്ഞിരമറ്റം ബസ് സർവീസ് തുടങ്ങിയിട്ട് അന്പതാണ്ടുകൾ പിന്നിട്ടു. 1971 ൽ ആരംഭിച്ച കാഞ്ഞിരമറ്റംകാരുടെ ഈ ചങ്കു ബസ് പാലാ ഡിപ്പോയിലെ പല സർവീസുകളും മുടങ്ങുന്പോഴും ഇന്നേവരെ മുടങ്ങിയിട്ടില്ല. യാത്രാക്ലേശം രൂക്ഷമായ സമയത്ത് മുത്തോലി, കൊഴുവനാൽ വഴി കാഞ്ഞിരമറ്റത്തെത്തുന്ന ഈ ബസിനെ കൊച്ചുകുട്ടിയെ സ്കൂളിലേക്കയയ്ക്കുന്ന അമ്മയെപ്പോലെ ദിവസവും അലങ്കരിച്ചാണ് കാഞ്ഞിരമറ്റംകാർ പാലായിലേക്കു വിടുന്നത്.
ഒൻപതു ട്രിപ്പുകളാണ് കാഞ്ഞിരമറ്റം ബസിനുള്ളത്. ആദ്യ ട്രിപ്പ് രാവിലെ 5.30ന് കാഞ്ഞിരമറ്റം പളളി പരിസരത്തുനിന്നും ആരംഭിക്കും. അവസാന ട്രിപ്പ് വൈകുന്നേരം 9.30 ന് പാലായിൽ നിന്നും ആരംഭിച്ച് കാഞ്ഞിരമറ്റം പള്ളി പരിസരത്ത് അവസാനിക്കും. ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്രമിക്കുവാനും ഉറങ്ങുവാനുമുള്ള സൗകര്യം പള്ളി അധികൃതർ ചെയ്തു കൊടുത്തിട്ടുണ്ട്.
കളക്ഷൻ കുറയുന്പോൾ സർവീസ് നിർത്താമെന്ന് കെഎസ്ആർടിസിക്കാർ വിചാരിച്ചാൽ അതും നടപ്പില്ല. കാഞ്ഞിരമറ്റംകാർ പിരിവിട്ട് കൂടുതൽ ടിക്കറ്റ് വാങ്ങി കളക്ഷൻ തുക ഉയർത്തും. എന്തായാലും ഇപ്പോൾ കളക്ഷൻ ദിവസവും പതിനായിരത്തിലേറെയാണ്. ആയിരത്തിലേറെ യാത്രക്കാർ ദിവസവും ഈ ബസിനെ ആശ്രയിക്കുന്നുണ്ട്.
എല്ലാ ദിവസവും അലങ്കരിച്ചുവിടുന്ന ബസിന് ഒരു കൂട്ടം ആരാധകരുമുണ്ട്. ആരാധന മൂത്ത് ഇവർ ബസിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് ബസിൽ യാത്രക്കാർ കയറേണ്ട ആവശ്യകതയും എഴുതിയിട്ടുണ്ട്. സ്ഥിരമായി ഈ ബസിൽ ഡ്യൂട്ടിക്കു പോകുന്ന ഡ്രൈവറും കണ്ടക്ടറുമെല്ലാം കാഞ്ഞിരമറ്റംകാർക്ക് കുടുംബാംഗങ്ങൾ പോലെയാണ്. ഇതിലെ ജോലിക്കാരായി പാലാ ഡിപ്പോയിൽ നിന്ന് പോകുന്നത് ഒരേ ആളുകൾ തന്നെയാണ്.
ഡ്രൈവർമാരായി ഹരിദാസും സ്റ്റീഫനും കണ്ടക്ടർമാരായി രതീഷും രാമചന്ദ്രനും. ഇവരുടേയും ചങ്ക് ബസാണിത്. ഒരുദിവസംപോലും മുടക്കം വരുത്താറുമില്ല. പാലാ ഡിപ്പോയിൽ ബസ് സർവീസ് ഉണ്ടെങ്കിൽ അന്ന് കാഞ്ഞിരമറ്റം സർവീസും ഉണ്ടാവും. 16 രൂപയ്ക്ക് 16 കിലോമീറ്റർ. അതാണ് പാലാ-കാഞ്ഞിരമറ്റം ബസ് സർവീസ് .