മുക്കം: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി തയാറാക്കിയ വ്യാജ വിൽപ്പത്രത്തിൽ ഒപ്പിട്ട സംഭവത്തിൽ ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കിയതിനു പിന്നാലെ വിൽപ്പത്രത്തിൽ ഒപ്പിട്ട രണ്ടാം സാക്ഷിയും മനോജിനെതിരേ രംഗത്ത്. തന്റെ പേരിൽ ഒപ്പിട്ടത് മനോജ് ആണെന്നും അത് താനാണെന്ന് സമ്മതിക്കാൻ സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജ് നിർബന്ധിച്ചുവെന്നും മഹേഷ് പറഞ്ഞു .
മനോജ്, മഹേഷ് എന്നിവരാണ് ജോളി തയാറാക്കിയ വിൽപ്പത്രത്തിൽ ഒപ്പിട്ടതായി കണ്ടെത്തിയിട്ടുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിന് മുൻപ് താനാണ് ഒപ്പിട്ടതെന്ന് അവരോട് സമ്മതിക്കണമെന്ന് മനോജ് തന്നെ നിർബന്ധിച്ചു.
ലോക്കൽ സെക്രട്ടറി പറഞ്ഞതിനാൽ പ്രശ്നമുണ്ടാകില്ലെന്ന് കരുതി പോലീസിന് താൻ കള്ള മൊഴി നൽകുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മനോജിനെ വിളിച്ചപ്പോൾ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും മിണ്ടാതിരുന്നാൽ മതിയെന്നും പറഞ്ഞു. കട്ടാങ്ങലിൽ വച്ച് പിന്നീട് കണ്ടപ്പോഴും മനോജ് ഇതുതന്നെ ആവർത്തിച്ചു.
ജോളിയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. നിരപരാധിയായ തന്നേകൂടി കുടുക്കാനാണ് മനോജ് ശ്രമിക്കുന്നതെന്നും അതിനാലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും മഹേഷ് വ്യക്തമാക്കി. അതേ സമയം കേസുമായി ബന്ധപ്പെട്ട് മറ്റൊരു സിപിഎം നേതാവിന് കൂടി പങ്കുള്ളതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
മനോജുമായി അടുത്ത ബന്ധം പുലർത്തിയ ഇയാൾ എൻഐടി കേന്ദ്രീകരിച്ച് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിരുന്നു. മനോജും ജോളിയും നടത്തിയ പല റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ഇയാളും പങ്കാളിയായിരുന്നതായും വിവരമുണ്ട്.