കണ്ണൂർ: ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാള ചലച്ചിത്രതാരം സലിംകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് താൻ പിന്നിട്ട ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ദുർഘടമായ ജീവിതമായിരുന്ന ഇന്നിംഗ്സിലുടെനീളം നേരിടേണ്ടി വന്നത് എന്നു പറഞ്ഞ സലിം കുമാർ പത്ത് പ്രാവശ്യം അന്പയർമാർ ഔട്ട് വിളിച്ചെങ്കിലും എന്റെ അപ്പീലിൽ അതെല്ലാം തള്ളിപ്പോവുകയാണ് ഉണ്ടായതെന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. സലീം കുമാറിന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ:
“അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു… ദുർഘടമായിരുന്നു ഈ ഇന്നിംഗിസിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു. അനുഭവങ്ങളേ നന്ദി…. ! ഈ ഇന്നിംഗ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട് വിളിച്ചത്. എന്നാൽ എന്റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായത്.
ഒരിക്കൽ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ തേർഡ് അമ്പയർ ഇടപെട്ട് എന്നെ തിരികെ വിളിച്ചു. എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാർ ഔട്ട് ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാൻ.
പ്രിയ സുഹൃത്തുക്കളുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ഈ ഇന്നിംഗിസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം. എന്നാലും ക്രീസിൽ നിൽക്കുന്നതിന്റെ സമയദൈർഘ്യം കൂട്ടുവാൻവേണ്ടി ഒരു ഡിഫെൻസ് ഗെയിമും ഞാൻ കളിക്കുകയില്ല. നിൽക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും.
ഈ അമ്പത് വർഷത്തിനിടയിൽ ഒരുപാട് വേഷത്തിൽ ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാർഥിയായി, മിമിക്രിക്കാരനായി, ടിവി അവതാരകനായി, സിനിമാനടനായി അങ്ങനെ… അപ്പോഴെല്ലാം എനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന നിങ്ങൾക്കേവർക്കും ഞാൻ ഇപ്പോൾ നന്ദി രേഖപ്പെടുത്തുന്നില്ല, കാരണം ‘നന്ദി’ വാക്കുകൾകൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസിൽ എക്കാലവും സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു’.