കൊച്ചി: വൈറ്റില മേൽപ്പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്പോൾ മുകളിലൂടെ പോകുന്ന മെട്രോ പാലത്തിൽ തട്ടുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം, വിഷയം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ച പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണു വ്യാജപ്രചരണങ്ങൾ പ്രചരിക്കുന്നത്. പാലങ്ങൾ തമ്മിലുള്ള അകലം കുറവായതുകൊണ്ടാണു മേൽപ്പാലത്തിന്റെ പണികൾ നിർത്തിവച്ചിരിക്കുന്നതെന്നും സന്ദേശങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, പ്രചരണം അടിസ്ഥാന രഹിതമാണെന്നും ദൂരെനിന്നു നോക്കുന്പോൾ പാലങ്ങൾ അടുത്തടുത്തായി തോന്നുന്നതാണെന്നും അധികൃതർ വിശദീകരിക്കുന്നു. വൈറ്റില മേൽപ്പാലത്തിനും മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റർ ആണ്. ബസിനുപോലും മൂന്നര മീറ്റർ താഴെയാണു പരമാവധി ഉയരം.
ഡബിൾ ഡക്കർ ബസിന്റെ ഉയരമാകട്ടെ 4.5 മീറ്റർ മാത്രമേവരൂ. ഇതറിയാതെ വലിയ വാഹനങ്ങൾ കടന്നുപോകുന്പോൾ മെട്രോ പാളത്തിൽ മുട്ടുമെന്ന തരത്തിൽ പ്രചരണം നടത്തുന്നവർ തെറ്റിദ്ധാരണ പരത്താനാണു ശ്രമിക്കുന്നതെന്നും പാലത്തിന്റെ 73 ശതമാനം ജോലികളും പൂർത്തിയായതായും അധികൃതർ വിശദീകരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനാണു ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. അധികൃതർ പരാതി നൽകിയാൽ വിശദമായ അന്വേഷണം നടന്നേക്കും. വ്യാജപോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിച്ചവർ ഉൾപ്പെടെ കുടുങ്ങാനും സാധ്യതയേറെയാണ്.
അടുത്ത മാർച്ചോടെ മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിലവിൽ നിർമാണം പുരോഗമിക്കുന്നത്. പാലത്തിന്റെ കോണ്ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലെന്ന വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഒരു മാസത്തോളം പാലത്തിന്റെ നിർമാണ ജോലികൾ നിലച്ചിരുന്നു. മദ്രാസ് ഐഐടിയിൽനിന്നടക്കം വിദഗ്ധരെത്തി നടത്തിയ ഗുണനിലവാര പരിശോധന അനുകൂലമായതോടെയാണു മേൽപ്പാലം നിർമാണം വീണ്ടും പുനരാരംഭിച്ചത്.