മണ്ണാർക്കാട്: ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിലെ നഗരസഭാ ബസ് സ്റ്റാൻഡിനു സമഗ്രനവീകരണം വേണമെന്ന ആവശ്യം ശക്തം. ദിനംപ്രതി നിരവധി ജനങ്ങളും ബസുകളും കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. നവീകരണത്തിനു കാലങ്ങളായി ആലോചന നടക്കുന്നുണ്ടെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.
നെല്ലിപ്പുഴ കേന്ദ്രമാക്കി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. നെല്ലിപ്പുഴ കഐസ്ആർടിസി ഡിപ്പോയ്ക്കുസമീപം അനുയോജ്യമായ സ്ഥലംകണ്ടെത്തി ബസ് സ്റ്റാൻഡ് തുടങ്ങാം. കാഞ്ഞിരപ്പുഴ, തെങ്കര, അട്ടപ്പാടി, കാരാകുറിശി മേഖലകളിലേക്കുള്ള ബസുകൾ ഇവിടെനിന്നും തിരിച്ചുവിട്ടാൽ തിരക്ക് കുറയ്ക്കാനുമാകും.
മണ്ണാർക്കാട് ബസ് സ്റ്റാൻഡിനു നിരവധിവർഷത്തെ പഴക്കമാണുള്ളത്. മണ്ണാർക്കാട് ബസ് സ്റ്റാൻഡിനു കാലോചിതമായ മാറ്റം വരുത്താൻ മണ്ണാർക്കാട് നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മണ്ണാർക്കാട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് നിരവധി പോരായ്മകളുണ്ടായിരുന്നെങ്കിലും നഗരസഭയായതോടെ ഇതിനു മാറ്റമുണ്ടാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.
ദേശീയപാത വികസനം നടക്കുന്ന സമയത്ത് കെടിഎം സ്കൂൾ പരിസരത്തെ കുടു ബിൽഡിംഗിലാണ് സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചത്. നിലവിലുള്ള ബസ് സ്റ്റാൻഡിനു വീതി വർധിപ്പിക്കമെന്ന ആവശ്യവും ശക്തമാണ്. മിക്കപ്പോഴും വൻതോതിലുള്ള വാഹനക്കുരുക്കാണ് സ്റ്റാൻഡിൽ അനുഭവപ്പെടുന്നത്.
ഇതിനെല്ലാം പ്രതിവിധിയായി നഗരസഭാ അധികൃതർ മാസ്റ്റർ പ്ലാൻ തയാറാക്കി നിലവിലുള്ള ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.