കോഴിക്കോട്: കുടുംബത്തിലെ സാന്പത്തികപ്രയാസങ്ങൾ ഒഴിവാക്കുന്നതിന് ദുർമന്ത്രവാദം നടത്താൻ ആശ്രയിച്ച ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണൻ എന്ന ദുർമന്ത്രവാദിയുമായി ജോളിക്ക് വിവാഹത്തിനുമുൻപേ ബന്ധമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. ധൂർത്തും ആഡംബരവും ഇഷ്ടപ്പെടുന്ന ജോളിക്ക് ഭർതൃവീട്ടിൽ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
1997ലായിരുന്നു ജോളിയും പൊന്നാമറ്റത്തിൽ റോയ് തോമസുമായുള്ള ജോളിയുടെ വിവാഹം. സന്പത്ത് ലഭിക്കുന്നതിനും ആർഭാടജീവിതവും തുടരുന്നതിനും തനിക്ക് തടസമായി നിന്ന ഓരോരുത്തരേയും ഒന്നൊന്നായി ഇല്ലാതാക്കിയതിനുപിന്നിൽ ജ്യോത്സ്യന്റെ കൈകളുണ്ടാവുമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഒളിവിൽപോയ ജ്യോത്സ്യൻ ഇന്നലെ തിരിച്ചെത്തിയതോടെ ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും.
1997ൽ വിവാഹം കഴിഞ്ഞ് അഞ്ചാം വർഷം 2002 ഓഗസ്റ്റ് 22 നാണ് റോയിയുടെ അമ്മ അന്നമ്മ ടീച്ചർ ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീണു മരിക്കുന്നത്. മുൻപും അന്നമ്മ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണിരുന്നു. ആറാം വർഷം 2008 ഓഗസ്റ്റ് 26ന് റോയിയുടെ പിതാവ് ടോം തോമസും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഛർദ്ദിച്ച് കുഴഞ്ഞുവീണു മരിച്ചു. ഇതോടെ വീട്ടിലെ സാന്പത്തിക നടത്തിപ്പ് ജോളിയുടെ കൈകളിലായി.
സന്പത്ത് വർധിപ്പിക്കുന്നതിന് ധാരാളിയായ ഭർത്താവ് റോയ് തോമസ് തടസമാകുമെന്നു കണ്ടതോടെ 2011 സെപ്റ്റംബർ 30 റോയിയേയും ഇല്ലായ്മചെയ്തു. മൂന്നു മരണങ്ങളിലും ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ച അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യു 2014 ഫെബ്രുവരി രണ്ടിന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഛർദിച്ച് കുഴഞ്ഞുവീണു മരിച്ചു.
റോയിയുടെ പിതൃസഹോദര പുത്രനായ ഷാജു സക്കറിയാസ് എന്ന അധ്യാപകനിൽ ആകൃഷ്ടയായ ജോളി, ഇദ്ദേഹത്തെ സ്വന്തമാക്കുന്നതിനായി 2014 മേയ് മൂന്നിന് ഷാജുവിന്റെ ഇളയമകൾ ആൽഫൈനേയും, 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ സിലിയേയും ഇല്ലാതാക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ജ്യോത്സ്യനെ ചോദ്യംചെയ്യുന്നതോടെ കേസിന്റെ കൂടുതൽ ചുരുളഴിയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.