കോഴിക്കോട്: ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയശേഷം തെളിവുകൾ ഇല്ലാതാക്കുന്നതിന് രണ്ടുലക്ഷത്തോളം രൂപ ചെലവിട്ട് ജോളി കൂടത്തായിയിലെ പൊന്നാമറ്റത്തിൽ വീട് പെയിന്റ് ചെയ്തതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പെയിന്ററെ തിരയുന്നു. കൂടത്തായി സ്വദേശിയായ പെയിന്ററെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യുന്നതോടെ ചില സംശയങ്ങൾക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
2011 സെപ്റ്റംബർ 30നാണ് ഛർദ്ദിച്ച് അവശനായ റോയിയെ പൊന്നാമറ്റത്തിൽവീടിന്റെ ബാത്റൂമിൽ കണ്ടത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ ജോളി വീട് പെയിന്റ് ചെയ്യിക്കുകയായിരുന്നു. സാന്പത്തികമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കെ രണ്ടുലക്ഷത്തോളം രൂപമുടക്കി പെയിന്റിംഗ് നടത്തിയത് തെളിവുകൾ നശിപ്പിക്കാനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റോയി കിടന്നിരുന്ന ബാത്റൂമിലെ വാഷ്ബേസിനിൽ ഛർദ്ദിച്ചിരുന്നു. ബാത്റൂമിന്റെ ഭിത്തികളിലും അന്നമ്മ ടീച്ചർ കുഴഞ്ഞുവീണുകിടന്ന ബെഡ്റൂമിലും ടോം തോമസ് ഛർദ്ദിച്ച് അവശനായി വീണുകിടന്നിരുന്ന മുറിയിലും മൂന്നുകോട്ട് പെയിന്റ് ചെയ്തതായി കണ്ടെത്തി. പഴയ പെയിന്റിംഗ് മായ്ക്കുന്ന വിലകൂടിയ പെയിന്റാണ് ഉപയോഗിച്ചത്. പഴയ വീട്ടിലെ തറ മൊസൈക്കാണ്.
വൻസാന്പത്തിക ബാധ്യതവരുന്നതിനാൽ തറ മാറ്റിയിട്ടില്ല. ഇത് അന്വേഷണത്തിന് ഗുണം ചെയ്തേക്കും. മൊസൈക്ക് തറയിൽ ഛർദിയുടെയോ രക്തത്തിന്റെയോ അംശം കിനിഞ്ഞിറങ്ങുമെന്നതാണ് കാരണം. ജോളിയെ അറസ്റ്റ് ചെയ്തതിനു ശേഷം മൂന്നിടങ്ങളിലെയും തറ, വാഷ്ബേസിന്റെ ഭാഗം എന്നിവിടങ്ങളിൽനിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യം രാസപരിശോധനയിൽ തെളിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഒരുമാസത്തിലധികം നീണ്ട പെയിന്റിംഗിനിടെ വീടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഏലസുകളും, മന്ത്രച്ചരടുകളും, ചെറിയ ചെപ്പുകളും ലഭിച്ചത് ജോളിയെ ഏൽപ്പിച്ചതായി പെയിന്റർ അക്കാലത്ത് ചിലസുഹൃത്തുക്കളോട് പറഞ്ഞിരുന്നു. റോയിയുടെ മരണത്തിൽ അന്നുതന്നെ ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് തിരക്കിട്ട് പെയിന്റിംഗ് നടത്തിയത്. ആദ്യം സംശയം ഉന്നയിച്ച റോയിയുടെ മാതൃസഹോദരൻ മഞ്ചാടിയിൽ മാത്യു 2014ൽ ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.