വടകര: അറസ്റ്റിലായ നാള് മുതല്‍ ഒരേ വസ്ത്രം തന്നെ അണിഞ്ഞ ജോളിക്ക് ആശ്വാസം പകര്‍ന്നു വടകര പോലീസ്. ഇന്നു രാവിലെ വടകരയിലെ പോലീസുകാര്‍ പുതുവസ്ത്രം വാങ്ങി നല്‍കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രമാണ് ആറു ദിവസവും ജോളി അണിഞ്ഞത്.
സാധാരണ നിലയില്‍ പ്രതികളുടെ ബന്ധുക്കളാണ് വസ്ത്രം എത്തിക്കാറെങ്കില് ജോളിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. കഴിഞ്ഞ ശനിയാഴ്ച ജില്ലാ ജയിലില്‍ റിമാന്റിലായ ജോളി അടുത്ത ദിവസം തന്നെ ജയിലിലെ ഫോണില്‍ ബന്ധുക്കളെ വിളിച്ച് വസ്ത്രത്തിന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല.
തുടര്‍ന്നാണ് പോലീസുകാര്‍ പുതുവസ്ത്രം എത്തിച്ചുകൊടുത്തത്. ജോളിയെ പാര്പിച്ചതറിഞ്ഞ് വന്‍ ജനാവലിയാണ് വടകര പോലീസ് സ് റ്റേഷന് പരിസരത്ത് തമ്പടിച്ചത്. പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ അടുത്ത് നിന്നു കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ഇവരെ പോലീസ് നിയന്ത്രിച്ചു.
രാവിലെ വടകര സ്റ്റേഷനില്‍ നിന്നു കുളിച്ച് വസ്ത്രം മാറിയാണ് ജോളി പുറത്തിറങ്ങിയത്. രാവിലെ ഭക്ഷണം കഴിച്ചെങ്കിലും ഇന്നലെ രാത്രി വെറും ചായയില്‍ ഒതുക്കി. ആറു പേരുടെ കൊലപാതകത്തില്‍ പ്രതിയായ ജോളി ഇന്നലെ രാത്രി സ്റ്റേഷനില്‍ സുഖമായുറങ്ങി.
രാവിലെ എട്ടേ അമ്പതോടെ ജോളിയെ വടകര സ്റ്റേഷനില്‍ നിന്നു തെളിവെടുപ്പിനായി കൊണ്ടുപോയി. റൂറല്‍ എസ്പിയില് എത്തിച്ച ശേഷമാണ് കൂടത്തായിലേക്ക് കൊണ്ടുപോയത്.