കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാനത്തെ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം ടോം തോമസിന്റെ അനുജന് സക്കറിയയുടെ മകന് ഷാജു സക്കറിയയുടെ ഭാര്യ സിലി സെബാസ്റ്റ്യന്‍ (42)യുടെ മരണവുമായി ബന്ധപ്പെട്ടാണ് താമരശേരി പോലീസ് ഇന്നു രാവിലെ കേസ് രജിസ്റ്റര്‍ ചെയ്ത്.
302 -ാം വകുപ്പ് പ്രകാരമുള്ള കൊലപാതക കുറ്റം ചുമത്തിയാണ് ജോളിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താമരശേരി പോലീസ് അറിയിച്ചു. എഫ്ഐആറില്‍ സിലിയുടെ ആദ്യ ഭർത്താവും, ജോളിയുടെ രണ്ടാം ഭർത്താവുമായ ഷാജുവിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
താമരശേരി ദേശീയപാതയോരത്തെ അലക്സ് കോരയുടെ ദന്താശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ സിലിയ്ക്ക് പാനീയത്തില്‍ ജോളി സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. താമരശേരി ഡിവൈഎസ്പി കെ.പി.അബ്ദുള്‍ റസാഖിന്റെ മേല്‍നോട്ടത്തില്‍ താമരശേരി ഇൻസ്പെക്ടർ ടി.എ അഗസ്റ്റിനാണ് അന്വേഷണ ചുമതല.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് ജോളിയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്. മറ്റുള്ള നാല് കൊലപാതകകേസുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടിരുന്നു.
ഇതേതുടര്‍ന്ന് 35 അംഗ അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 2016 ജനുവരി 11 നാണ് സിലി മരിച്ചത്. ദന്താശുപത്രിയില്‍ വച്ചാണ് സിലി കുഴഞ്ഞു വീഴുന്നത്. ഷാജുവും ജോളിയും സിലിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെ വച്ചാണ് ദന്താശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ജോളിയും ഇവര്‍ക്കൊപ്പം പോയി.
ചികിത്സയ്ക്കായി ഷാജു ഉള്ളിലേക്ക് കയറിയപ്പോഴാണ് വരാന്തയിലിരിക്കുകയായിരുന്ന സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണത്. മരിക്കുന്നതിന് മുമ്പ് സിലിയ്ക്ക് ജോളി വെള്ളം നല്‍കിയിരുന്നു. ഈ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ