കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിൽ വീഴ്ചവരുത്തിയ ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഒരേ രോഗലക്ഷണവുമായി ആറുപേരെയും വിവധകാലയളവിൽ ആശുപത്രിയിലെത്തിച്ചിട്ടും വിവരം പോലീസിനെ അറിയക്കാതിരുന്നതിൽ ആശുപത്രിക്കെതിരെ നടപടി ഉണ്ടായേക്കും .
കൊലപാതക കേസുകളിലെ പ്രതി ജോളി എന്ന ജോളിയാമ്മ ജോസഫുമായി ആശുപത്രി മാനേജ്മെന്റിലെ ചിലർക്ക് സൗഹൃദമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയുന്നു. എൻഐടി ലക്ചറർ എന്ന വ്യാജലേബൽ ഉപയോഗിച്ചും, മുക്കം-ഓമശേരി മേഖലിയിലെ ചില ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ചുമാണ് ജോളി ആശുപത്രി അധികൃതരുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം ആരംഭിച്ചപ്പോൾതന്നെ ആശുപത്രിയിൽനിന്ന് ആറുപേരുടെയും ചികിത്സാരേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണവിവരം പുറംലോകം അറിയുന്നതിന് മുൻപ് തന്ത്രപരമായി രേഖകൾ പിടിച്ചെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ നേട്ടമായി.
പൊന്നാമറ്റത്തിൽ അന്നമ്മ ടീച്ചർ 2002 ഓഗസ്റ്റ് 22നും , ഭർത്താവ് ടോം തോമസ് 2008 ഓഗസ്റ്റ് 26നും, ഇവരുടെ മകനും പ്രതി ജോളിയുടെ ഭർത്താവുമായ റോയ് തോമസ് 20111 സെപ്റ്റംബർ 30നും, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു 2014 ഫെബ്രുവരി 24നും, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയുടെ പിഞ്ചുകുഞ്ഞ് ആൽഫൈൻ 2014 മേയ് മൂന്നിനും ,ഷാജുവിന്റെ ആദ്യഭാര്യ സിലി 2016 ജനുവരി 11നുമാണ് മരിക്കുന്നത്.
വിവധസാഹചര്യങ്ങളിൽ കുഴഞ്ഞുവീണ ഇവരുടെയെല്ലാം വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ആറുപേരെയും ആശുപത്രിയിലെത്തിച്ചപ്പോൾ ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സിലിയേയും ആൽഫൈനേയും ആശുപത്രിയിലെത്തിച്ചപ്പോൾ ചികിത്സിച്ച ഒരു ഡോക്ടറും ചില നഴ്സുമാരും രോഗലക്ഷണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ല. ഈ ഡോക്ടർ നിലവിൽ അവിടെ ജോലി ചെയ്യുന്നില്ല. ഇദ്ദേഹത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഊർജിത അന്വേഷണം തുടരുകയാണ്.
ഓമശേരിയിലെ ആശുപത്രിയിലെത്തിച്ച ആറുപേരിൽ റോയ് തോമസിനെയും , ആൽഫൈനേയും മാത്രമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെതന്നെ ചികിത്സ മതിയെന്ന് ജോളി ശാഠ്യം പിടിച്ചെങ്കിലും, വിദഗ്ദചികിത്സ ലഭിച്ചാൽ രക്ഷപെട്ടേക്കുമെന്ന ഡോക്ടറുടെ ഉപദേശത്തെതുടർന്ന് മറ്റുചില ബന്ധുക്കൾ മുൻകൈയെടുത്താണ് ഇവരെ കോഴിക്കോടിനു കൊണ്ടുപോയത്.
അതിനാൽ മാത്രമാണ് റോയിയുടെ മരണം പൊട്ടാസ്യം സയനൈഡ് ഉള്ളിൽചെന്നാണെന്ന സുപ്രധാന തെളിവ് ലഭിച്ചത്. റോയിയുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് ജോളി കോഴിക്കോട്ടെ ആശുപത്രി അധികൃതരോട് തർക്കിച്ചെങ്കിലും മെഡിക്കൽ എതിക്സ് കണക്കിലെടുത്ത് ആശുപത്രി അധികൃതർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ആറുമരണങ്ങളിലും അന്വേഷണം നടക്കാതെ ജോളി ഇപ്പോഴും സ്വൈര്യവിഹാരം നടത്തുമായിരുന്നെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
കൊലപാതക പരന്പരയിലെ ആദ്യ ഇര അന്നമ്മ ടീച്ചർ മരിക്കുന്നതിനു മൂന്നാഴ്ച മുൻപും ഇതേ അസുഖം ഉണ്ടായി. അന്നും ആദ്യം ഓമശേരിയിലെ ആശുപത്രിയിലാണെത്തിച്ചത്. അസുഖം ഭേദമാകാത്തതിനെതുടർന്ന് ഭർത്താവ് ടോം തോമസിന്റെ നിർബന്ധപ്രകാരം അന്നമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സനേടിയിരുന്നു.
എല്ലാവിധ ടെസ്റ്റുകളും നടത്തി രോഗം പൂർണമായി ഭേദമായതിനുശേഷമാണ് അന്നമ്മയെ ഡിസ്ചാർജ് ചെയ്തത്. മൂന്നാഴ്ചകൾക്കുശേഷം ഭക്ഷണം കഴിച്ചയുടൻ വായിൽനിന്നു നുരയും പതയും വന്ന് കുഴഞ്ഞുവീണ അന്നമ്മയെ അന്നും ഓമശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർക്ക് ഒരു “സംശയവും’ ഉണ്ടായില്ല.
കൊലപാതക പരന്പരയിലെ അവസാന ഇരയായ സിലി താമരശേരിയിലെ ദന്താശുപത്രിയിൽ വച്ചാണ് ജോളി നൽകിയ വെള്ളം കുടിച്ചയുടൻ ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണത്. വായിൽനിന്ന് നുരയും പതയും വന്നിരുന്നു. നൂറ് മീറ്റർ പരിധിക്കുള്ളിൽ സർക്കാർ ആശുപത്രിയും, ഒരു കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മറ്റ് നാല് ആശുപത്രികളും ഉണ്ടായിട്ടും സിലിയെ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഓമശേരി സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്.
സിലിയുടെ ബന്ധുക്കൾ ചില സംശയമുന്നയിച്ച് പോസ്റ്റ്മാർട്ടം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് ഷാജുവും, പിന്നീട് ഇയാളുടെ രണ്ടാം ഭാര്യയായി വന്ന ജോളിയും ഇതിനെ എതിർത്തു. സിലിക്ക് ഇടയ്ക്കിടെ അപസ്മാര രോഗലക്ഷണമായ ഫിസ്റ്റ് ഉണ്ടാകാറുണ്ടെന്നായിരുന്നു ഷാജുവിന്റെ വാദം. എന്നാൽ വിവാഹത്തിനു മുൻപ് സിലിയ്ക്ക് ഒരിക്കൽപോലും ഈ രോഗം ഉണ്ടായിട്ടില്ലെന്നാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി.