കോന്നി: അച്ചൻകോവിലാറിന്റെ ചിറ്റൂർ കടവിൽ നിർമാണം തുടങ്ങിയ പാലത്തിന്റെ പണികൾ മുടങ്ങിയിട്ട് മൂന്നു വർഷം പിന്നിടുന്നു. 2016 ഫെബ്രുവരി 26നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. റവന്യു വകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നുമുള്ള 2.5 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കാൻ തീരുമാനമായത്. നിർമിതികേന്ദ്രത്തിന്റെ ചുമതലയിൽ തുടങ്ങിയ പണികളിൽ ഇതു വരെ പൂർത്തിയായത് മൂന്നു തൂണുകൾ മാത്രം. കരാറുക്കാരനു യഥാസമയം ബില്ലുകൾ മാറി ലഭിക്കാതിരുന്നതാണ് പണികൾ മുടങ്ങാൻ കാരണമായത്.
മുൻ സർക്കാരിന്റെ കാലത്താണ് കോന്നി പഞ്ചായത്തിലെ 18 ാം വാർഡിൽ പ്രധാന രണ്ടു പാതകളെ ബന്ധിച്ച് പാലത്തിനു അനുമതി നൽകിയത്. ഇത്തരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയിൽ നിന്നും അട്ടച്ചാക്കൽ കോന്നി കുമ്പഴ റോഡുമായി ബന്ധിക്കുന്ന തരത്തിലായിരുന്നു പാലവും അനുബന്ധ റോഡുകളും വിഭാവനം ചെയ്തിരുന്നത്. പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും തുടങ്ങി ഒന്നാം വാർഡിലാണ് പാലം അവസാനിക്കുന്നതെങ്കിലും കുന്പഴ, പ്രമാടം, കോന്നി പ്രദേശത്തെ ജനങ്ങൾക്ക് ഒരു പോലെ പ്രായോജനം ചെയ്യുന്നതായിരുന്നു പാലം.
കോന്നി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനും ഒരു പരിധി വരെ പാലം സാഹായമാകുമായിരുന്നു. നാലു മീറ്റർ വീതിയിൽ നിർമിക്കുന്ന പാലം പ്രധാനമായും ചെറിയ വാഹനങ്ങളെ ഉദ്ദേശിച്ചാണ്. പ്രധാന പാതയ്ക്ക് സമാന്തരമായ പാലവും പുതിയ റോഡും വരുന്നത് നിർദിഷ്ട കോന്നി മെഡിക്കൽ കോളജിലേക്കുള്ള യാത്ര ദൂരവും കുറയ്ക്കും.
നിർമാണവുമായി ബന്ധപ്പെട്ട കുടിശിക നൽകുന്നതിന് അന്നത്തെ എംഎൽഎ അടൂർ പ്രകാശ് ബന്ധപ്പെട്ട വകപ്പ് മേധാവികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് കുടിശിക തുക നൽകാൻ ധാരണയായിരുന്നെങ്കിലും അത് ഉണ്ടായില്ല. പാലത്തിലെ ഇരുമ്പ് കമ്പികൾ ഇതിനകം തുരുമ്പെടുത്തതും ആശങ്ക ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ സംഘടിച്ച് തങ്ങളുടെ തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഈ പ്രദേശത്ത് ഏറ്റവുമധികം ചർച്ച ചെയ്യുന്നതും പാലം തന്നെ എന്നതാണ് ഏറെ പ്രത്യേകത.