കായംകുളം: വീടുകയറി ആക്രമിച്ചശേഷം അമ്മയുടെ മുന്‍പിലിട്ട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി റിമാന്‍ഡിൽ. ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ കുക്ക എന്നു വിളിക്കുന്ന മനു (24)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞക്കനാൽ അനൂപ് ഭവനത്തിൽ അഭിമന്യുവിനെ രണ്ടു മാസം മുന്‍പ് വീടുകയറി ആക്രമിച്ചശേഷം മാതാവിന്റെ മുന്‍പിലിട്ട് മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും ഓച്ചിറ പോലീസ് സ്റ്റേഷനിൽ ഒന്‍പതും, വള്ളികുന്നം, കായംകുളം സ്റ്റേഷനുകളിൽ ഓരോ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവു കേസിൽ പോലീസിന് വിവരം നൽകിയെന്നയെന്ന പേരിൽ അഭിമന്യുവിന്റെ സഹോദരനെ തേടിയായിരുന്നു അക്രമിസംഘം എത്തിയത്.
ഇയാൾ സ്ഥലത്തില്ലായിരുന്നതിനെ തുടർന്ന് സംഘം അഭിമന്യുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെ സംഘം തടഞ്ഞുവച്ചായിരുന്നു അക്രമം.ഓച്ചിറയിൽ നിന്ന് എസ്ഐ സാമുവലിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഒളിവിലായിരുന്ന ഇയാൾ ഓച്ചിറയിൽ എത്തിയെന്ന് ഡിവൈഎസ്പി ആർ. ബിനുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ കെ. വിനോദിന്റെ നിർദേശപ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്ഐ കെ. സുനുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൻ, അനിൽകുമാർ, മഹേഷ്, ശിവൻപിള്ള, യേശുദാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.