മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് തേനീച്ചക്കൂട്ടം ഭീഷണിയാകുന്നു. ടെർമിനൽ കെട്ടിടത്തിലാണ് പലയിടത്തായി തേനീച്ചക്കൂടുള്ളത്. ഇന്നലെ വൈകുന്നേരം യാത്രക്കാർക്കൊപ്പമെത്തിയ കുട്ടിയടക്കം അഞ്ചു പേർക്ക് തേനീച്ചയുടെ കുത്തേറ്റു.
കൂട്ടമായെത്തിയ തേനീച്ചകൾ ആളുകളെ കുത്തുകയായിരുന്നു. തേനീച്ചകളുടെ ഭീഷണിയെക്കുറിച്ച് മുമ്പും പരാതി ഉയർന്നിട്ടുണ്ടെങ്കിലും തേനീച്ചക്കൂട് ഒഴിവാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.
മൂന്നു മാസം മുമ്പ് തേനീച്ചകൾ വട്ടമിട്ടു പറന്നത് മൂലം വിമാനത്തിൽനിന്ന് യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ ടെർമിനൽ കെട്ടിടത്തിൽ തേനീച്ചക്കൂട്ടം ഇടംപിടിച്ചിരുന്നു.