കണ്ണൂർ: റഷ്യൻ ബാലെ സംഗീതത്തിന്റെ മാസ്മരിക താളത്തിൽ മെയ് വഴക്കത്തിന്റെ വിസ്മയം തീർത്ത് ഗ്രേറ്റ് ബോംബെ സർക്കസ്. നൂറാം വർഷികാഘോഷത്തിനിടെ കണ്ണൂർ പോലീസ് മൈതാനിയിൽ പ്രദർശനം തുടരുന്ന സർക്കസിൽ എത്യോപ്യൻ കലാകാരൻമാരാണ് പുതുമയുടെ വിസ്മയവുമായി പ്രേക്ഷകഹൃദയം കീഴടക്കുന്നത്.
യൂണി സൈക്കിൾ, ഹാറ്റ് ജഗ്ളിംഗ്, ഐക്കാരിയൻ, ബാൻസിംഗ് ബോൾസ്, ഡയാബോല, ലാഡർ ബാലൻസ്, ഡബിൾ പോൾ, ക്ലബ് ജഗ്ളിംഗ്, റോള, ഹാൻഡ് ടു ഹാൻഡ് എന്നീയിനങ്ങളിലൂടെയാണ് ഈ കലാകാരന്മാർ വിസ്മയം തീർക്കുന്നത്.
എത്യോപ്യൻ കലാകാരന്മാരായ അസ്ചലേ ടെസ്ഫായേ ബകേസ്ര, അയ്ന്യൂ വാകിറ യിമർ, ദാവിത് ദുലാ അർഗ, ബിർഹാനു ബിറേസ കാസ, അബൈൽ ഹർപെസ മഡേസ, യാർഡ് ടാഡേസി അഗ്സൊം, ഫിൽമൊൻ ഗെബ്രിമെദ്ഹിൻ ടെസ്ഫാമറിയം, ടെസ്ഫായെ മസ്നേഷ ചനെ, യോസെഫ് ഫിർദ്യവകൽ ഗുത, മെസി ടെസ്ഫായേ കിടാനെ മറിയം എന്നിവരാണ് കാഴ്ചക്കാരുടെ മനസ് കീഴടക്കുന്നത്.
കണ്ണൂരിൽ ആദ്യമായാണ് പത്ത് എത്യോപ്യൻ കലാകാരൻമാർ കാണികൾക്കുമുന്നിൽ അത്ഭുതവും ആഹ്ലാദവും വിതറുന്നത്. കൂടാതെ ചൈനീസ്, ഇന്ത്യൻ താരങ്ങളുടെ പുതിയ അഭ്യാസപ്രകടനങ്ങൾ, ഇന്ത്യൻ കാഴ്ചബംഗ്ലാവുകളിൽ കാണാത്ത അപൂർവയിനം പക്ഷികളായ മക്കാവോ, കാക്കാ ടൂസ് പക്ഷികളുടെ അഭ്യാസങ്ങൾ, ഡോഗ്സ് അക്രോബാറ്റ്, ഡന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രിപ്പീസ് തുടങ്ങിയവയും ഗ്രേറ്റ് ബോംബെ സർക്കസിലെ കണ്ണഞ്ചിപ്പിക്കുന്ന ഇനങ്ങളാണ്.