ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ എലാപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി കവർച്ച നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. താഴെ ഇളമ്പ അശ്വതി ഭവനിൽ അനി എന്ന് വിളിക്കുന്ന അനിൽ(43), വിഷ്ണു നിവാസിൽ വിപിൻലാൽ(30), പാറയടി ബിനിത ഭവനിൽ കൊച്ചു എന്നുവിളിക്കുന്ന വിമൽ (28), കൊട്ടിയം ജീസസ് ഭവനിൽ സിജോൺ (29), കൊട്ടിയം കുന്നുംപുറത്ത് വീട്ടിൽ നിസാം(31), നിലയ്ക്കാമുക്ക് ഭജനമഠം ബംഗ്ലാവിൽ വീട്ടിൽ അനൂപ്(28), സഹോദരൻ അരുൺ (27), ഭജനമഠം കീഴാറ്റിങ്ങൽ ബിനു എന്ന് വിളിക്കുന്ന വിനോദ്(38) എന്നിവരാണ് അറസ്റ്റിലായത്.
ചാത്തന്നൂരിലെ ഒരു കോളജ് കുത്തിത്തുറന്ന് 29,000 രൂപ കവർന്ന സംഘം, അതിൽ നിന്നും 17,000 രൂപയിൽ കോയമ്പത്തൂരിൽ നിന്ന് ഗ്യാസ് കട്ടർ വാങ്ങി, ഗ്യാസ് കട്ടർ ഉപയോഗിച്ച് പരിചയമില്ലാത്ത സംഘം പരീക്ഷണത്തിനായി കല്ലറയിൽ ഒരു കട കട്ടർ ഉപയോഗിച്ച് തുറക്കാൻ പദ്ധതി ഇട്ടെങ്കിലും നടന്നില്ല. തുടർന്ന് ഒന്നാം പ്രതിയായ അനിൽ വെൽഡറായ കൊട്ടിയം സ്വദേശി സിജോണുമായി ബന്ധപ്പെടുകയും ഭജനമഠം സ്വദേശികളായ അരുൺ, സഹോദരൻ അനൂപ്, ചാത്തന്നൂർ മോഷണം നടത്താൻ സഹായിച്ച വിനോദ് എന്നിവരുടെ സഹായത്തോടെ, രാത്രി ഒരുമണിയോടെ ഏലാപ്പുറം ബാങ്കിനു സമീപം വാടകയ്ക്കെടുത്ത സ്കോർപിയോ കാറിൽ എത്തുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ മുറിക്കുകയുമായിരുന്നു.
എന്നാൽ ഗ്യാസ് തീർന്നത് കാരണം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഒന്നാംപ്രതി അനിൽ ഈ സൊസൈറ്റിയിൽ നേരത്തെ ഫർണിച്ചർ വർക്ക് ചെയ്തിട്ടുണ്ട്.ഷട്ടർ ഉയർത്തിയാൽ അലാറം കേൾക്കും എന്ന് അറിയാവുന്നതു കൊണ്ടാണ് ഗ്യാസ് കട്ടർ ഉപയോഗിക്കാൻ പ്ലാൻ ഇട്ടത്. മോഷണശ്രമം നടന്ന് 24 മണിക്കൂറിനകം മുഴുവൻ പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.
ആറ്റിങ്ങലിൽ 2011ൽ 350 കിലോ റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിലും, 2001ൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച കേസിലും കൊട്ടിയത്ത് നാലുവർഷം മുൻപ് വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർച്ച ചെയ്ത കേസിലും ചാത്തന്നൂരിൽ കോളജ് കുത്തിത്തുറന്ന് പണം കവർന്ന കേസിലും പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ടാർസൺ എന്ന് വിളിക്കുന്ന അനിൽ. കൂടാതെ നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നും പോലീസ് അറിയിച്ചു.
ആറ്റിങ്ങൽ ഡിവൈഎസ്പി കെ. വിദ്യാധരന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ എം. ശ്രീകുമാർ, കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ, ചിറയിൻകീഴ് ഇൻസ്പെക്ടർ എച്ച് .എൽ. സജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, തിരുവനന്തപുരം റൂറൽ ഷാഡോ ടീം, സൈബർസെൽ എന്നിവരുടെ സഹായത്തോടെ പ്രതികളെ ഒരേസമയം വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഷാഡോ ടീമംഗങ്ങളായ ബിജു, ദിലീപ്, ഫിറോസ് എന്നിവരടങ്ങിയ സംഘം കൊട്ടിയത്തുനിന്നും, ചിറയിൻകീഴ് സിഐ സജീഷ് , കടയ്ക്കാവൂർ സിഐ എം .ശ്രീകുമാർ, ബിജു, ജ്യോതിസ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇളമ്പ ഭാഗത്തുനിന്നും സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ ഒരേസമയം പിടികൂടുകയായിരുന്നു.