ന്യൂഡൽഹി: നിരക്ക് വർധന നടപ്പാക്കിയ റിലയൻസ് ജിയോയെ ചാരി പ്രധാനമന്ത്രിയെ കുത്തി കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കുന്പോൾ കോളുകൾക്ക് പണം ഈടാക്കാനുള്ള ജിയോയുടെ തീരുമാനത്തെയാണ് മുതിർന്ന നേതാവ് സിംഗ്വി പരിഹസിച്ചത്.
ഇടപാടുകാരിൽ നിന്ന് പണം ഈടാക്കാൻ ജിയോ തീരുമാനിച്ചിരിക്കുന്നു, കാരണം എപ്പോഴും വലിയ പലഹാരം വാഗ്ദാനം ചെയ്ത് അവർ വരും, അവസാനം ഭക്ഷണം പോലും കിട്ടില്ലെന്നോർക്കണം- സിംഗ്വി പറഞ്ഞു. ഇതേ സാഹചര്യം നിലവിലെ മോദി സർക്കാരിന്റെ കാര്യത്തിലും ബാധകമാണെന്നും സിംഗ്വി കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു സിംഗ്വിയുടെ പ്രതികരണം.
മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കുന്പോൾ കോളുകൾക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കാനാണ് ജിയോയുടെ തീരുമാനം. കോളുകൾ എല്ലായ്പ്പോഴും സൗജന്യമായിരിക്കുമെന്ന് വാഗ്ദാനം കാറ്റിൽ പറത്തിയാണ് ജിയോ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കോളും നെറ്റും ഉൾപ്പെടെ പൂർണമായും സൗജന്യമായാണ് ജിയോ മാർക്കറ്റ് പിടിച്ചത്. പിന്നീട് ഡാറ്റാ ഉപയോഗിക്കുന്നതിന് നിരക്ക് ഏർപ്പെടുത്തി. ഈ നിരക്ക് പലപ്പോഴായി ഉയർത്തുകയും ചെയ്തു. ഇപ്പോൾ കോളുകൾക്കും നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നു.