ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിലെ വാഹന പാർക്കിംഗ് അപകടമൊരുക്കുന്നു. ചാത്തന്നൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെയും പബ്ലിക് മാർക്കറ്റിന്റെയും മുന്നിലാണ് അനധികൃതമായ വാഹന പാർക്കിംഗ്.ഇ വി ടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പോലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡിന് പുല്ലുവില പോലും നൽകാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.ഗതാഗത സൗകര്യമൊരുക്കാനുള്ള പോലീസും ഈ നിയമവിരുദ്ധ പാർക്കിംഗ് കണ്ടില്ലെന്ന് നടിക്കുകയാണ്.
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തെ ദേശീയപാതയിലെ ബാരിക്കേടിന് ഉള്ളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുള്ളത്.ഈ സ്ഥലമാകെ കച്ചവടക്കാർ കൈയേറിയിരിക്കുകയാണ്. ഒപ്പം തെരുവ് കച്ചവടക്കാരും.ഇരുചക്രവാഹനം പാർക്ക് ചെയ്യാൻ പോലീസ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് മാസങ്ങളായി ഒരു പിക്കപ്പ് വാൻ കൊണ്ടിട്ട് കച്ചവടം നടത്തുകയാണ്. ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന്റെയും ട്രഷറിയുടെയുടെയും മുന്നിലാണ് ഈ അനധികൃത കച്ചവടം .ഇത് മൂലം ഇവിടെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികൃതരോ പോലീസോ ഇത് കണ്ട മട്ട് നടിക്കുന്നില്ല.
ദേശീയപാതയിൽ മാർക്കറ്റിന് മുന്നിലുള്ള സ്ഥലത്താണ് പോലീസിന്റെ ‘നോപാർക്കിംഗ്, ബോർഡ് നിഷേധിച്ചു കൊണ്ടുള്ള വാഹന പാർക്കിംഗ്. ഇതു മൂലം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടാകുന്നു. ദേശീയപാതയിലൂടെ ഒരു വാഹനത്തിനും കഷ്ടിച്ച് കടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.മാർക്കറ്റിലേയ്ക്കും കടകളിലേയ്ക്കും ലോഡുമായി വരുന്ന വാഹനങ്ങൾ ദേശീയപാതയുടെ മധ്യഭാഗത്ത് നിർത്തി ലോഡ് ഇറക്കേണ്ട സ്ഥിതിയാണ്.ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നു.
ദേശീയപാതയിലെ അനധികൃത പാർക്കിംഗിനെതിരെ ബോർഡ് സ്ഥാപിച്ചിട്ടുള്ള പോലീസ് പോലും ഈ നിയമ നിഷേധത്തിനെതിരെ നടപടി എടുക്കുന്നില്ല ഇത് നിയമ ലംഘകർക്ക് അവസരം ഒരുക്കുകയാണ്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥികൾ എപ്പോഴും റോഡ് മറികടന്നു പോകേണ്ട ഭാഗവും എപ്പോഴും തിരക്കു നിറഞ്ഞ സ്ഥലവുമാണ് ഇവിടം.
അനധികൃത പാർക്കിംഗിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കാൻ അനധികൃത പാർക്കിംഗ് ഒഴിവാക്കിയേ പറ്റു.ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലുള്ള സ്ഥലത്തേയ്ക്ക് ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് മാറ്റണം.
കച്ചവടക്കാരുടെ ഇറക്കുകൾ ഒഴിവാക്കുകയും അനധികൃത കച്ചവടക്കാരെ മാർക്കറ്റിനുള്ളിലേക്ക് മാറ്റുകയും വേണം. അനധികൃത കച്ചവടം മൂലം മാർക്കറ്റിനുളളിൽ വലിയ വാടക കൊടുത്ത് കടകൾ എടുത്ത് കച്ചവടം നടത്തുന്നവർകച്ചവടമില്ലാതെ ദുരിതാവസ്ഥയിലാണ്.
ു