കുണ്ടറ: വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിയേണ്ടവരല്ല ഭിന്നശേഷിക്കാർ. അവർ ലോകത്തിലെ വിവിധ മേഖലകളിൽ മുന്നിൽനിന്ന് നയിക്കേണ്ടവരാണെന്ന് എം.മുകേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ കിഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിടരുന്ന മൊട്ടുകൾ ബഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി കഴിഞ്ഞ ഒരു വിഭാഗമായിരുന്നു അവർ. എന്തിനോവേണ്ടി ജനിച്ചു ഈ പുറംലോകം എന്തെന്ന് അറിയാതെ മരിച്ചുപോയ കുറെ ജീവിതങ്ങൾ. എന്നാൽ ഇന്ന് കാലം മാറി ഇന്ന് അവരിലെ ശേഷി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റുള്ള കുട്ടികളെക്കാൾ കഴിവ് അവർ പ്രകടിപ്പിച്ചു തുടങ്ങി. അതിനാൽ അവരെ വീട്ടിനുള്ളിൽ ഒതുക്കി നിർത്താതെ അവരുടെ ശേഷി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ തയാറാകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി ശശിധരൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഡോ.കെ.രാജശേഖരൻ, ജൂലിയറ്റ് നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺ ഫിലിപ്പ്, കയർ ഫെഡ് ഡയറക്ടർ എസ്. എൽ.സജികുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബാബുരാജൻ, എ.ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ബാബു, ഇ.വി.സജീവ് കുമാർ, കെ.സത്യൻ, ഉഷ പ്രസാദ്, വി.ശോഭ,സിമി, എസ്.ബീന,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.അനിൽകുമാർ,അഞ്ചാലുംമൂട് ഡിപിഒ പി.ആർ.കവിത എന്നിവർ പ്രസംഗിച്ചു.