കോട്ടയം: പോലീസുകാരുടേതിനു സമാനമായ യൂണിഫോം മാറ്റിയില്ലെങ്കിൽ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർക്കിട്ട് പണി കിട്ടും. പോലീസ് ആണെന്ന രീതിയിൽ ആശുപത്രിയി ലെത്തുന്ന ആളുകളെ ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും കത്തു നൽകിയിരിക്കുകയാണ്. പോലീസ് ആണെന്നു തോന്നുന്ന രീതിയിൽ ചോദ്യം ചെയ്യലും വിരട്ടലും നടത്തിയാൽ നടപടിയുണ്ടാവുമെന്നു ചൂണ്ടിക്കാട്ടിയാണ് എസ്പി ആശുപത്രി അധികൃതർക്ക് കത്തു നൽകിയത്.
നിരപരാധികളും നിരാലംബരുമായ രോഗികളെ യും കൂട്ടിരിപ്പുകാരെയുമൊക്കെ പോലീസ് വിരട്ടുന്നുവെന്ന പരാതി ഉയർന്നപ്പോഴാണ് ഇതേക്കുറിച്ച് ജില്ലാ പോലീസ് അധികൃതർ അന്വേഷണം നടത്തിയത്. അപ്പോഴാണു പോലീസാണെന്നു തോന്നുന്ന രീതിയിലുള്ള യൂണിഫോം ധരിച്ച സെക്യൂരിറ്റി ജീവനക്കാരാണ് പണിയൊപ്പിച്ചതെന്ന് വ്യക്തമായത്. ആളുകൾ കരുതുന്നത് പോലീസ് ആണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നാണ്. അതുകൊണ്ടാണ് പോലീസിനെതിരേ ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയത്.
പോലീസിന്റേതു പോലുള്ളതോ, പോലീസ് ആണെന്നു തെറ്റിദ്ധരിക്കുന്നതോ ആയ യൂണിഫോം സെക്യൂരിറ്റി ജീവനക്കാർ ധരിക്കരുതെന്നാണ് നിലവിലുള്ള നിർദേശം. ഇത് മറികടന്നാൽ അവർക്കെതിരേ നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാവും നടപടി സ്വീകരിക്കുകയെന്ന് ജില്ലാ പോലീസ് ചീഫ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.