കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുമായി അഞ്ചുവർഷമായി സൗഹൃദത്തിലുള്ള ബിഎസ്എൻഎൽ ജീവനക്കാരൻ കക്കയം വലിയപറന്പിൽ വീട്ടിൽ ജോൺസനെതിരേ( 54) കുരുക്ക് മുറുകുന്നു.
ജോളിയുടെ മകൻ റെമോ ഇന്നലെ പോലീസിനു കൈമാറിയ ജോളിയുടെ ഫോണും സിം കാർഡും ജോൺസൺ വാങ്ങിനൽകിയതാണെന്ന് പോലീസ് കണ്ടെത്തി. വെറും സൗഹൃദം മാത്രമേ ജോളിയുമായി ഉണ്ടായിരുന്നുള്ളൂവെന്ന ജോൺസന്റെ ആദ്യമൊഴി കളവാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ജോൺസന്റെ ഭാര്യ സൈനയേയും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും ഇല്ലാതാക്കി ജോൺസനെ സ്വന്തമാക്കാനുള്ള ജോളിയുടെ നീക്കം ജോൺസനും അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
ഒരുലക്ഷം രൂപയോളം ശന്പളം വാങ്ങുന്ന ജോൺസൺ കഴിഞ്ഞ നാലു വർഷത്തോളമായി സ്വന്തം വീട്ടിലെ ചെലവുകൾക്ക് ചില്ലിപൈസ മുടക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ഇക്കാലയളവിൽ ഇയാളുടെ ഭാര്യയായ അധ്യാപികയാണ് മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ചെലവുകൾ വഹിച്ചിരുന്നത്. ജോൺസന്റെ വരുമാനമത്രയും ജോളിയുടെ കൈകളിലാണ് എത്തിയതെന്നും വിനോദയാത്ര നടത്താനും ജോളിയുടെ മറ്റാവശ്യങ്ങൾക്കുമായും ജോൺസൺ പണം നൽകിയതായും കണ്ടെത്തി.
കോയന്പത്തൂർ, തിരുപ്പൂർ, ബംഗളൂരു , തേനി തുടങ്ങി പലയിടങ്ങളിലും ഇയാൾ ജോളിയുമായി യാത്ര ചെയ്യുകയും ഒപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ടവർ ഡംപ് പരിശോധനയിൽ ഇരുവരും ഒരേ ടവറിനു കീഴിൽവന്നതിന്റെ തെളിവുകൾ കാണിച്ചപ്പോൾ ജോളി ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ജോളിക്ക് സയനൈഡ് ലഭിക്കുന്നതിന് ജോൺസൺ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. സ്വർണപ്പണിക്കാരൻ പ്രജുകുമാറിനെ ആറു വർഷമായേ അറിയുകയുള്ളൂ എന്നാണ് ജോളിക്ക് സയനൈഡ് കൈമാറിയ മഞ്ചാടിയിൽ എം.എസ് മാത്യുവിന്റെ മൊഴി. ഇത് ശരിയാണെങ്കിൽ ആദ്യത്തെ മൂന്നു കൊലപാതകങ്ങൾക്കും, ഒടുവിലത്തെ രണ്ട് കൊലകൾക്കും മറ്റാരെങ്കിലും ജോളിക്ക് സയനൈഡ് നൽകിയതായാണ് പോലീസ് സംശയിക്കുന്നത്.
മഞ്ചാടിയിൽ എം.എസ്.മാത്യു സയനൈഡ് കൈമാറിയതിനുശേഷമാണ് പിതൃസഹോദരനായ മഞ്ചാടിയിൽ എം.എം.മാത്യുവിനെ ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തേനിയിൽ നിന്നോ കോയന്പത്തൂരിൽ നിന്നോ ജോൺസന്റെ സഹായത്തോടെ ജോളി സയനൈഡ് വാങ്ങിയിട്ടുണ്ടാകാം എന്നു സംശയിക്കുന്നു. ഇന്ന് ഡിജിപിയുടെ നേതൃത്വത്തിൽ ജോളിയെ ചോദ്യം ചെയ്യുന്പോൾ ഇക്കാര്യം വിശദമായി ചോദിക്കുമെന്നറിയുന്നു.
മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി ജോളി മൊഴി നൽകിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ജോളി വെളിപ്പെടുത്തിയത്. ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എൻഎൽ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താൻ ശ്രമം നടത്തി.
ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി.ജോൺസന്റെ വഴിവിട്ട പോക്കിനെതിരേ രണ്ടുവർഷം മുൻപ് ഭാര്യ സൈനയും, ഇവരുടെ സഹോദരനും താമരശേരി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് ജോളിയേയും ജോൺസനെയും അന്നു വിളിപ്പിച്ച് താക്കീത് ചെയ്തതാണ്. ഈ പരാതി പുതിയ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൂടത്തായി ഇടവക വികാരി, നാട്ടിലെ പ്രമാണിമാർ എന്നിവർ മുഖേനയും മുൻപ് ഇരുവരേയും താക്കീത് ചെയ്തിരുന്നു. എന്നാൽ പിന്നെയും ബന്ധം തുടരുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. ചില തെളിവുകൾ കൂടി ശേഖരിച്ചതിനുശേഷം ജോൺസനെ കസ്റ്റഡിയിലെടുത്തേക്കും.