കിഴക്കമ്പലം: കിഴക്കന്പലത്ത് റോഡുകളുടെ പുനർനിർമാണത്തിന് സര്‍ക്കാര്‍ 31 കോടി അനുവദിച്ചിട്ടും നിർമാണപ്രവർത്തികൾ നടക്കുന്നില്ല. മനക്കകടവ്-നെല്ലാട്, പട്ടിമറ്റം-പത്താംമൈല്‍ റോഡുകളുടെ പുനര്‍നിര്‍മാണമാണ് എങ്ങുമെത്താത്തത്. ടെൻഡര്‍ നടപടികള്‍ കഴിഞ്ഞ് ഒന്നരവര്‍ഷമായ റോഡുകള്‍ക്കാണ് ഈ ദുര്‍ഗതി. കാല്‍നടയാത്ര പോലും ദുസഹമായ രീതിയില്‍ റോഡ് തകർന്നു കിടക്കുകയാണ്.
എറണാകുളം-തേക്കടി ഹൈവേയില്‍ പെട്ട കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മനയ്ക്കകടവ് മുതല്‍ നെല്ലാട് വരെയുള്ള ഭാഗത്തെ നിര്‍മാണമാണ് അനിശ്ചിതത്വത്തിലായത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പട്ടിമറ്റം-പത്താം മൈല്‍ റോഡിന്റെ അവസ്ഥയും ഇത് തന്നെയാണ്. കിഫ്ബിയില്‍ നിന്നും 30.91 കോടി രൂപയാണ് രണ്ട് റോഡിന്റെയും പുനര്‍നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
18 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ 2018 ജൂലൈ 20നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ വച്ചത്. എന്നാല്‍ ഒരുവര്‍ഷം പിന്നിടുമ്പോഴും നിര്‍മാണം പ്രാരംഭ ദിശയില്‍ തന്നെയാണ്. ചെറിയ കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറി. വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയാന്‍ കാരണമായതായി ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കേണ്ട ജനപ്രിതിനിധികളുടെ അനാസ്ഥയാണ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന പരാതിയും ശക്തമാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്തേക്കെത്താനുള്ള പ്രധാന മാര്‍ഗമായ ഇതു വഴി ആയിരകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്ന് പോകുന്നത്. റോഡിലെ അഗാധ ഗര്‍ത്തങ്ങളും പൊടിശല്യവും എല്ലാം ഇവരെ വലക്കുകയാണ്. പട്ടിമറ്റം-പത്താംമൈല്‍ റോഡിലൂടെ കാല്‍നട യാത്രപോലും ദുസഹമാണ്. റോഡിന്റെ വീതി കൂട്ടുന്നതിനായി ഇട്ട മെറ്റല്‍ ഇളകി കിടക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാനയുടെ നിര്‍മാണവും ജലവകുപ്പിന്റെ പൈപ്പ് ഇടലും പാതിവഴിയിലാണ്.