വൈപ്പിൻ: ഗോശ്രീ കവലയിൽനിന്നും പടിഞ്ഞാറോട്ടുള്ള എൽഎൻജി റോഡിലേക്ക് പ്രവേശിപ്പിക്കുന്നതിനു വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ കൊച്ചി പോർട്ട് ട്രസ്റ്റ് ആലോചിക്കുന്നതായി സൂചന. തുടക്കമെന്നോണം കണ്ടെയ്നറുകൾക്കും വലിയ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്താനാണ് ശ്രമം. റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ചിട്ടുള്ള സിഐഎസ്എഫ് ചെക്ക് പോസ്റ്റ് ടോൾ പിരിവു കേന്ദ്രമാക്കാനാണ് ഉദേശിച്ചിട്ടുള്ളത്. പോർട്ടിനു എങ്ങിനെയെങ്കിലും വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
നേരത്തെ ഈ റോഡ് വഴി എൽഎൻജി, ബിപിസിഎൽ എന്നീ സ്ഥാപനങ്ങളിലേക്കല്ലാതെയുള്ള മറ്റു വാഹനങ്ങൾ അനുവദിക്കില്ലെന്ന സൂചന പോർട്ട് അധികൃതർ നൽകിയതിനെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ ടോൾ ഏർപ്പെടുത്താനുള്ള നീക്കം. ഇതിനെതിരേയും ഇപ്പോൾ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കണ്ടെയ്നർ ലോറികൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും മാത്രം ടോൾ ഏർപ്പെടുത്തുന്ന പോർട്ടിനു ഭാവിയിൽ ഇതിലൂടെ കടന്ന് പോകുന്ന മറ്റെല്ലാ വാഹനങ്ങൾക്കും ടോൾ പിരിക്കാനുള്ള തന്ത്രമാണിതെന്നാണ് നാട്ടുകാരുടെ ആരോപണം.
നഗരത്തിൽനിന്നും സൗത്ത് പുതുവൈപ്പിലെ എൽഎൻജി ബീച്ച്, വളപ്പ് ബീച്ച്, വളപ്പിലെ സർക്കാർവക ഫിഷ് ഫാം എന്നിവിടങ്ങളിലേക്ക് സന്ദർശകർ നിത്യേന തിരക്കില്ലാതെ യാത്ര ചെയ്യുന്നത് എൽഎൻജി റോഡിലൂടെയാണ്. മാത്രമല്ല റോഡിന്റെ പരിസരത്തുള്ളവർക്ക് എളുപ്പത്തിൽ സംസ്ഥാന പാതിയിലേക്കെത്താനും രോഗികളെ എളുപ്പത്തിൽ നഗരത്തിലെ ആശുപത്രികളിലെത്തിക്കാനും എൽഎൻജി റോഡിനെയാണ് ആശ്രയിക്കുന്നത്.
കൂടാതെ സംസ്ഥാനപാതയിൽ മുരുക്കുംപാടം മുതൽ ഗോശ്രീ കവലവരെയുള്ള മേഖലയിൽ ഏതെങ്കിലും തരത്തിൽ സഞ്ചാരം തടസപ്പെട്ടാൽ വാഹനങ്ങൾ തടസമില്ലാതെ കടത്തി വിടുന്നതും എൽഎൻജി റോഡ് വഴിയാണ്. ടോൾ ഏർപ്പെടത്തുന്പോൾ ഇതെല്ലാം ജനത്തിനു ദുരിതമാകും.
എൽഎൻജി, ബിപിസിഎൽ പദ്ധതികൾ നാട്ടുകാരുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിനു വിഘാതം വരുത്തില്ലെന്ന് വ്യക്തമായ ഉറപ്പ് സർക്കാർ നൽകിയിരുന്നുവെന്നാണ് സ്ഥലവാസികൾ പറയുന്നത്. ഇതിനിടയിലാണ് പോർട്ട് ട്രസ്റ്റ് അതിനു വിരുദ്ധമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.