തൃശൂർ: റേഷൻ കടകളിൽ തൂക്കത്തിൽ വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിക്ക് അറുതി വരുത്താൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇ-പോസ് മെഷീൻ ഡിജിറ്റൽ ത്രാസുമായി ബന്ധിപ്പിക്കാനുള്ള നീക്കം നടന്നുവരികയാണ്. പ്രസ്ക്ലബിൽ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശിൽപശാലയിലാണ് ഓഫീസർമാർ ഇതു വ്യക്തമാക്കിയത്. തൂക്കം ശരിയാകാതെ ബില്ലു വരില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
ബില്ലിൽ എല്ലാ വിവരങ്ങളും ലഭ്യമാക്കും. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ബില്ലിൽ നൽകിയിരിക്കുന്ന ഫോണ് നന്പറുകളിൽ വിളിച്ചാൽ റേഷൻ ഉദ്യോസ്ഥരുമായി സംസാരിക്കാൻ കഴിയും. ആധാർ കാർഡുമായി റേഷൻ കാർഡ് ലിങ്ക് ചെയ്ത ആർക്കും ഏതു റേഷൻ കടയിൽനിന്നു വേണമെങ്കിലും സാധനങ്ങൾ വാങ്ങിക്കാം. ആധാർ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഈമാസം 31 ആണ്.
ഭക്ഷ്യഭദ്രത സുരക്ഷാ നിയമത്തിലൂടെ ഭക്ഷണം അവകാശമായി മാറിയിരിക്കയാണ്. സർക്കാർ ചെലവിൽതന്നെയാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. 18,000 രൂപ മുതൽ 70,000 രൂപവരെ റേഷൻ കടയുടമകൾക്ക് ഇപ്പോൾ കമ്മീഷൻ ലഭിക്കുന്നുണ്ട്. റേഷൻ കടകൾ വഴി ശബരി ഉത്പന്നങ്ങളും കുപ്പിവെള്ളവും വിതരണം ചെയ്യാനുള്ള പദ്ധതികളും നടപ്പാക്കും.
റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ ബെന്നി ഡേവിസ് പ്ലാക്കൽ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ എം.വി.ശിവകാമി അമ്മാൾ, താലൂക്ക് സപ്ലൈ ഓഫീസർമാരായ ചന്ദ്രശേഖരൻ, കെ.ജോസി ജോസഫ്, ടി.ജെ.ജയദേവൻ, എം.കമറുദീൻ, സുധീർ കുമാർ, ടി.ജെ.ആശ എന്നിവർ പങ്കെടുത്തു.