വടക്കഞ്ചേരി: സ്വകാര്യമില്ലുകാരെല്ലാം പകുതിവിലയ്ക്ക് മതിയായ തോതിൽ നെല്ലു സംഭരിച്ചതിനു പിന്നാലെ വടക്കഞ്ചേരിയിൽ സപ്ലൈകോ നെല്ലുസംഭരണം ഇന്നലെമുതൽ തുടങ്ങി. സംഭരണം വൈകുന്നതിനെതിരേ കർഷകരും പാടശേഖരസമിതിയുമെല്ലാം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ചർച്ച നീട്ടിക്കൊണ്ടുപോയി സ്വകാര്യമില്ലുകാർക്ക് തുച്ഛമായ വിലയ്ക്ക് നെല്ലു ശേഖരിക്കാൻ അവസരമൊരുക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്.
മില്ലുകാരുടെ സംഭരണികളെല്ലാം നിറഞ്ഞതോടെ ഇനി ശേഷിക്കുന്ന നെല്ലാകും സപ്ലൈകോ എടുക്കുക. നെല്ലു സൂക്ഷിച്ചുവയ്ക്കാൻ സൗകര്യങ്ങളില്ലാത്ത ചെറുകിട പാവപ്പെട്ട കർഷകരുടെ നെല്ലെല്ലാം നേരത്തെ സ്വകാര്യമില്ലുകളിലെത്തിയിരുന്നു. സപ്ലൈകോ കിലോയ്ക്ക് 26.95 രൂപയ്ക്ക് നെല്ലെടുക്കുന്പോൾ സ്വകാര്യമില്ലുകാർ നെല്ലെടുത്തിരുന്നത് 15 രൂപ മുതൽക്കാണ്.
മോശം നെല്ല്, ഈർപ്പം കൂടുതൽ, വേയ്സ്റ്റ് കൂടുതൽ തുടങ്ങി നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് മില്ലുകാർ നെല്ലിനു വിലകുറയ്ക്കുക. ഏതെങ്കിലും വാഹനം വാടകയ്ക്ക് വിളിച്ചാകും നെല്ലുമില്ലിൽ എത്തിച്ചിട്ടുണ്ടാകുക. വിലകുറവാണെന്ന് കരുതി തിരിച്ചുകൊണ്ടുപോയാൽ നഷ്ടം പിന്നേയും ഉയരുമെന്ന് ഓർത്ത് കിട്ടിയ വിലയ്ക്ക് നെല്ലുവില്ക്കേണ്ട ഗതികേടിലാകും പാവപ്പെട്ട കർഷകർ.
ഇടയ്ക്ക് മഴയുള്ളതിനാൽ കിട്ടിയ വിലയ്ക്ക് നെല്ല് വില്‍ക്കുകയല്ലാതെ കർഷകനുമുന്നിൽ മറ്റു വഴികളില്ല.നെല്ലുസംഭരണം വൈകിയപ്പോൾ പത്രമാധ്യമങ്ങളല്ലാതെ രാഷ്ട്രീയപാർട്ടികളൊന്നും വലിയ സമരകോലാഹലങ്ങളുമായി രംഗത്തെത്തിയില്ല.ഒന്നാംവിള കൊയ്ത്ത് എപ്പോൾ തുടങ്ങും. രണ്ടാംവിള കൊയ്ത്ത് ഏതുമാസം തുടങ്ങുമെന്നെല്ലാം നേരത്തെ അറിയുന്ന കാര്യങ്ങളാണെങ്കിലും അതിനുമുന്നോടിയായുള്ള ഒരുക്കങ്ങളൊന്നും ബന്ധപ്പെട്ടവർ നടത്താറില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
വടക്കഞ്ചേരി കൃഷിഭവനുകീഴിൽ മാത്രം 1065 ഹെക്ടർ നെൽകൃഷിയുണ്ടെന്നാണ് കണക്ക്. ഒരു ഹെക്ടറിൽനിന്നും അഞ്ചുടണ്‍ നെല്ല് ഉത്പാദനം ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ കണക്കനുസരിച്ച് 5325 ടണ്‍ നെല്ല് വടക്കഞ്ചേരി കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽനിന്നും സപ്ലൈകോ സംഭരിക്കണം. എന്നാൽ ഇതിന്റെ 40 ശതമാനം നെല്ലുപോലും സംഭരിക്കുന്നില്ലെന്നതാണ് വസ്തുത.
മറ്റു കൃഷിഭവനുകൾക്കു കീഴിലുള്ള പാടശേഖരങ്ങളിലെ സ്ഥിതിയും മറിച്ചാകില്ല. രണ്ടാംവിളയിൽ നെല്ല് ഉത്പാദനം ഒന്നാംവിളയേക്കാൾ ഇരട്ടിയോളമാകും.ഒന്നാംവിളയ്ക്ക് ഒരേക്കറിന് ഒന്നര ടണ്‍ കിട്ടുന്പോൾ രണ്ടാംവിളയ്ക്ക് അത് മൂന്നു ടണ്ണിനടുത്ത് വരും. ആയക്കാട്, മംഗലംപോലെയുള്ള ചില പാടശേഖരങ്ങളിൽ മൂന്നു ടണ്ണിൽ കൂടുതൽ നെല്ലുത്പാദനം ഉണ്ടാകുന്ന സ്ഥിതിയുണ്ട്.
ഒന്നാംവിളയുടെ നഷ്ടം രണ്ടാം വിളവെടുപ്പോടുകൂടിയാണ് കർഷകർ തുലനം ചെയ്യുക. കൊയ്ത്തു തുടങ്ങുന്പോൾ നെല്ലുസംഭരണം തുടങ്ങുന്ന സാഹചര്യമുണ്ടായാൽ മാത്രമേ ചൂഷണങ്ങളിൽനിന്നും കർഷകർ രക്ഷപ്പെടുകയുള്ളൂ.
കർഷകരെ അവഗണിക്കുന്ന സ്ഥിതി തുടർന്നാൽ ഓരോവർഷം കൃഷിയിറക്കുന്ന ഭൂവിസ്തൃതിയും കുറഞ്ഞുവരുമെന്ന കാര്യം അധികൃതർ മറക്കരുതെന്നാണ് കർഷകർ പറയുന്നത്.