അഞ്ചല്‍ : കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരയുള്ള ആക്രമണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ജോലി ചെയ്ത് ലഭിക്കുന്ന തുകയില്‍ നിന്നും എല്ലാ ദിവസവും നൂറുരൂപ കമീഷന് ആവശ്യപ്പെട്ടു ആസാം സ്വദേശിയെ തോര്‍ത്തില്‍ കല്ല് കെട്ടി ക്രൂരമായി അക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് അഞ്ചലില്‍ കോഴിയെ മോഷ്ട്ടിച്ചുവെന്ന ആരോപിച്ചുകൊണ്ട് ഒരു സംഘം ആളുകള്‍ മാണിക് റോയ് എന്ന ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്നത്.
ആക്രമണത്തിനിരയായ ഇതര സംസ്ഥാന തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ഏരൂർ സ്വദേശി അജിക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന റൂമിലെത്തിയ അജി നാട്ടില്‍ ജോലി ചെയ്യണം എങ്കില്‍ ഒരാള്‍ക്ക് നൂറുരൂപ വച്ച് കമ്മീഷന് നല്‍കണം എന്ന് ആവശ്യപ്പെടുകയും കമ്മീഷന് നല്കിയില്ലങ്കില് നാടുവിട്ട് പോകണം എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവം ചൂണ്ടി കാട്ടി ചില നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളികള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. പരാതി നല്കിയതറിഞ്ഞ അജിയും സംഘവും ഇന്നലെ രാവിലെ അഞ്ചല്‍ ടൗണിലെ കടയില്‍ ചായ കുടിക്കാന്‍ എത്തിയ തൊഴിലാളികളെ തോര്‍ത്തില്‍ കല്ല് കെട്ടി അടിക്കുകയായിരുന്നു.അടിയേറ്റ് ആസാം സ്വദേശി അബ്ദു റഹിമിന് തലയ്ക്കും ചെവിയ്ക്കും, കൈമുട്ടിനും, മുതുകിലും പരിക്കേറ്റു.
ഭയന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഇതോടെ വീണ്ടും പോലീസില്‍ അഭയം തേടി. പോലീസിന്റെ നിര്‍ദേശപ്രകാരം പരിക്കേറ്റ അബ്ദു റഹീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിക്കെതിരെ കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പോലീസ് നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് കേസേടുത്തിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഉണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഭയന്ന് തൊഴിലാളികളില്‍ പലരും കൂട്ടമായി പലായനം ചെയ്യുകയാണ്.