പേരാമ്പ്ര : പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ സുനയനയും അക്ഷിദ് ബാബുവും അവതരിപ്പിച്ച ആക്സിഡന്റ് പ്രൂഫ് ഇക്കോ ഫ്രണ്ട്ലി ബൈക്ക് 15 മുതല്‍ 20 വരെ ഛത്തിസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന ദേശീയ ശാസ്ത്ര മേളയില്‍ അവതരിപ്പിക്കാകാൻ അർഹത നേടി. എട്ടോളം സുരക്ഷാക്രമീകരണങ്ങളും രണ്ടു പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും ഉള്ള ബൈക്ക് സംസ്ഥാന ശാസ്ത്രമേളയിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും ഗ്രൂപ്പിനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇതേ വിദ്യാലയത്തിലെ ഊര്‍ജ്ജതന്ത്രം അധ്യാപകനായ കെ.പി. സുധീര്‍ ബാബുവാണ് ടീച്ചര്‍ ഗൈഡ്. വേഗത നിയന്ത്രിക്കാന്‍ പുതുമയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന വേഗതയിലെത്തുമ്പോള്‍ ഒരു ചുവന്ന വെളിച്ചം തെളിയും. 70 കിലോമീറ്റര്‍ കഴിയുമ്പോള്‍ അപായ സൂചനയായി സൈറണ്‍ മുഴങ്ങിത്തുടങ്ങും. ഈ രണ്ട് മുന്നറിയിപ്പും അവഗണിച്ചു 80 കിലോമീറ്റര്‍ കടക്കുമ്പോള്‍ എഞ്ചിന് സാവകാശം നിലക്കും.
ഇങ്ങിനെ നിലച്ചു കഴിഞ്ഞാല്‍ കുറച്ച് സമയം കഴിഞ്ഞു മാത്രമേ വണ്ടി വീണ്ടും ഓടിക്കാന്‍ കഴിയൂ. രാത്രി യാത്ര സുരക്ഷിതമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുളില്‍ തടസ്സങ്ങള്‍ തിരിച്ചറിഞ്ഞു അപായ സൂചന നല്‍കാനുള്ള ഉപകരണം ബൈക്കിന്റെ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്നു. എതിര്‍ദിശയില്‍ നിന്നും മറ്റേതെങ്കിലും വണ്ടി വരുമ്പോള്‍ പ്രകാശ തീവ്രത ക്രമീകരിക്കാനുള്ള സംവിധാനവും വണ്ടിയുടെ ഹെഡ് ലൈറ്റിനുണ്ട്.
ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കാതെ ഉണ്ടാകുന്ന ബൈക്ക് അപകടങ്ങള്‍ മരണ കാരണമാവുന്നത് തിരിച്ചറിഞ്ഞു ഹെല്‍മെറ്റ് ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ശരിയായ രീതിയില്‍ തലയില്‍ ധരിക്കാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയില്ല. ഹെല്‍മെറ്റില്‍ ആല്‍ക്കഹോള്‍ സെന്‍സര്‍ ഘടിപ്പിച്ചതിനാല്‍ മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗും നടക്കില്ല.
അപകടരഹിതമായ ഈ ബൈക്ക് പരിസ്ഥിതി സൗഹൃദവുമാണ്. വാഹനം പുറത്തു വിടുന്ന പുക ഒരു പരിധിയില്‍ കൂടിയാല്‍ ഒരു പ്രത്യേക ഫില്‍റ്റര്‍ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിലൂടെ അന്തരീക്ഷ മലിനീകരണം തടയപ്പെടുകയും ചെയ്യും. എന്‍ജിന്റെ സ്വാഭാവിക ശബ്ദത്തില്‍ മാറ്റം വരുത്തി ബൈക്ക് ഓടിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. ഈ ബൈക്കില്‍ ഘടിപ്പിച്ച സെന്‍സറുകളും സര്‍ക്യുട്ടുകളും ഇത്തരം മാറ്റം തിരിച്ചറിയാന്‍ പര്യാപ്തമാണ്.
ശബ്ദമലിനീകരണം തടയാന്‍ ഇത് സഹായിക്കും. യന്ത്ര ഭാഗങ്ങളിലൂടെ നഷ്ടപ്പെടുന്ന ചൂടിനെ വൈദുതി ആക്കി മാറ്റിയാണ് ഈ ബൈക്കിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ്