എന്താ ഒരു ക്ഷീണം..ഞാനിപ്പോ കുറച്ച് എലിവിഷം അടിച്ചതേയുള്ളൂ സാറേ; മാല മോഷ്ടാവിന്റെ വാക്കുകേട്ട് പോലീസിന്റെ ഗ്യാസുപോയി; ഒടുവില്‍ സംഭവിച്ചതോ ?

കള്ളന്മാര്‍ പോലീസിന് എപ്പോഴും തലവേദനയാണ്. ഇനിയിപ്പോ അവരെ പിടിച്ചാല്‍ പോലും സ്‌റ്റേഷനിലെത്തിക്കേണ്ടതും കോടതിയില്‍ ഹാജരാക്കുന്നതുമെല്ലാം പിടിപ്പതു പണിയാണ്. കൊച്ചിയില്‍ പിടിയിലായ മാലമോഷ്ടാവാണ് ഇത്തവണ പോലീസിനെ ഭയപ്പാടിലാക്കിയത്. മാലപൊട്ടിക്കല്‍ സ്ഥിരമായതോടെയാണ് ഇടപ്പള്ളി സ്വദേശിയായ അജിത്തിനോട് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചത്. അജിത്തിന്റെ മുഖത്ത് അവശത കണ്ടതോടെ കാര്യമെന്തെന്ന് പോലീസുകാരന്‍ തിരക്കുകയായിരുന്നു. ഒന്നും കഴിച്ചില്ലെങ്കില്‍ പുറത്തു പോയി കഴിച്ചിട്ടു വരൂ എന്നും പോലീസുകാരന്‍ നിര്‍ദ്ദേശിച്ചു

തലകുലുക്കി പുറത്ത് പോയ അജിത് കുറച്ച് കഴിഞ്ഞ് തിരിച്ചെത്തി. കണ്ടപാടെ പൊലീസുകാരന്‍ വീണ്ടും ചോദിച്ചു എന്താടോ ഒന്നും കഴിച്ചില്ലേ ? ഉടന്‍ മറുപടിയെത്തി. വിശപ്പില്ല സാര്‍, ഞാന്‍ എലിവിഷം കഴിച്ചിട്ടാ വന്നേ ! എസ്.ഐയുടെ അടക്കം ഗ്യാസുപോകാന്‍ വേറെ വല്ലതും വേണോ…മൂട്ടില്‍ തീ പിടിച്ചതുപോലെയായപോലീസുകാര്‍ ഉടന്‍ തന്നെ അജിത്തുമായി ജീപ്പ് കളമശ്ശേരി ആശുപത്രിയിലേക്ക് പാഞ്ഞു. അജിത്തിന്റെ മൊഴിയെടുത്തു. പിന്നീട് ഇയാളെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്ത അജിത് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഇന്നലെയാണ് കൊച്ചി സിറ്റി പൊലീസിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മാല പൊട്ടിക്കല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രമുഖ മാല കവര്‍ച്ചക്കാരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തിരക്കിയിരുന്നു. ഇതിന്റെ ഭാഗമായി അജിത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അറങ്ങേറിയത്. എന്നാല്‍, വിളിപ്പിച്ച സ്റ്റേഷനിലല്ല ഇയാള്‍ എത്തിയെന്നതാണ് കൗതുകം. ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുള്ളതായി പൊലീസ് പറഞ്ഞു. എന്തായാലും ഒരു സ്‌റ്റേഷന്‍ മരണം ഒഴിവായ ആശ്വാസത്തിലാണ് പോലീസുകാര്‍

Related posts