കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
എന്നാൽ ഇതിന് പിന്നാലെ ഇതേ പ്രമേയം ആസ്പദമാക്കി സിനിമയൊരുക്കുമെന്ന് നടി ഡിനി ഡാനിയേലും അറിയിച്ചിരുന്നു. ഈ സിനിമയുടെ സംവിധായകൻ റോണെക്സ് ഫിലിപ്പാണെന്നാണ് ഡിനി അറിയിച്ചത്.
ഇപ്പോഴിത ആന്റണി പെരുമ്പാവൂരിനും ഡിനി ഡാനിയേലിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. കോഴിക്കോട് റൂറൽ എസ്പിക്കാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയുടെ ആഘാതത്തിൽ നിന്നും മോചിതരാകാത്തെ ജനസമൂഹത്തിന് മുൻപിലേക്ക് സംഭവം വാണിജ്യ സിനിമയാക്കാൻ പോകുന്നത് അങ്ങയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് ശ്രീജിത്ത് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്.