വാഴക്കുളം: അർബുദം ബാധിച്ച് വിശാലമായ ലോകത്തിന്റെ അതിരുകൾ ചുരുങ്ങുന്പോഴും അതൊന്നും ഗൗനിക്കാതെ അസാധാരണമായ ഇച്ഛാശക്തികൊണ്ട് അതിജീവനത്തിന്റെ പുത്തൻ പാഠങ്ങൾ എല്ലാവർക്കും പകരുകയാണ് പതിനാറുകാരിയായ ഈ കൊച്ചുമിടുക്കി. ആനിക്കാട് വടക്കുംമല വെള്ളാപ്പിള്ളിൽ ടോമിയുടെ മകൾ അൽഫീനയാണ് തനിക്കു ചുറ്റുമുള്ളവർക്ക് പ്രചോദനമേകുന്നത്.
ഒന്നര വർഷം മുന്പ് മാറാടി ഹോളി ഫാമിലി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷക്കുള്ള തയാറെടുപ്പിനിടെയാണ് ചിന്നു എന്നു വിളിക്കുന്ന അൽഫീനയ്ക്കു വൃക്കയിൽ അർബുദം ബാധിച്ചതായി അറിയുന്നത്. ഇതു നീക്കം ചെയ്താൽ പൂർണമായും സുഖപ്പെടുമെന്ന ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയും നടത്തി. എന്നാൽ അധികം താമസിയാതെ അപൂർവമായ ഇനം അർബുദ കോശങ്ങൾ മൂത്രാശയത്തിൽ വീണ്ടും കണ്ടെത്തുകയായിരുന്നു.
രോഗവും ചികിത്സയും നടക്കുന്പോൾ ഇക്കുറിയെങ്കിലും എസ്എസ്എൽസി പരീക്ഷ എഴുതണമെന്നാണ് ചിന്നുവിന്റെ ആഗ്രഹം. കൂട്ടുകാരുടെ നോട്ട് ബുക്ക് വാങ്ങി ആശുപത്രിയിലും വീട്ടിലും കിട്ടുന്ന ഇടവേളകളിൽ കൂട്ടുകാർക്കു മുന്പേ പഠനം പൂർത്തിയാക്കുകയാണ് ചിന്നു.
കഴിഞ്ഞ ഓണാഘോഷത്തിനും സ്കൂളിൽ കൂട്ടുകാർക്കു മുന്നിൽ വേദിയിലെത്തി അവരെ ആഹ്ലാദിപ്പിച്ച അൽഫീന കൂട്ടുകാരുമൊത്ത് സ്റ്റുഡിയോയിൽ ഓണച്ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
മാതാവ് ജിജിയാണ് ചിന്നുവിന് എപ്പോഴും കൂട്ടുള്ളത്. ജേഷ്ഠ സഹോദരൻ ആൽഫ്രഡ് പാലക്കാട് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്.
പിതാവ് ടോമി റബർ ടാപ്പിംഗ് തൊഴിലാളിയാണ്. വടക്കുംമലയിൽ 10 സെന്റിലെ ചെറിയ വീടാണിപ്പോൾ ചിന്നുവിന്റെ ലോകം. ചികിത്സക്കായി ഇതുവരെ 20 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.