സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തു വിലകൊടുത്തും ഇതിനു തടയിടാന്‍ ഒരുങ്ങി പോലീസ്. സമൂഹമാധ്യമങ്ങളില്‍ കൂടി കുട്ടികളുടെ അശ്ശീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും, തുടര്‍ച്ചയായി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നവരെയും പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി അശ്ശീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരെ വീട്ടിലെത്തി പൊക്കാനാണ് പോലീസ് നീക്കം.
ഇതിന്റെ ഭാഗമായി ശനിയാഴ്ച കൊല്ലം പാരിപ്പള്ളിയില്‍ പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടില്‍ ഉള്‍പ്പെടെ സൈബര്‍സെല്‍ പരിശോധനയ്ക്കെത്തി. മരുതൂര്‍കുളങ്ങരയില്‍ 16 കാരന് ഉപയോഗിച്ചു വന്നിരുന്ന ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണ്‍ തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു കൊടുത്ത് പരിശോധന നടത്തും.
സംസ്ഥാനത്ത് നിരവധി ആളുകളാണ് ഓണ്‍ലൈനില്‍ പേയ്മെന്റ് നടത്തി ചൈല്‍ഡ് പോണ് കാണുന്നതെന്നാണ് വിവരം. മാത്രമല്ല വ്യാജരേഖകള്‍ ചമച്ച് വ്യാപകമായി സിംകാര്‍ഡുകള്‍ എടുക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വ്യാജമായി നേടുന്ന ഇത്തരം സിം കാര്‍ഡ് ഉപയോഗിച്ച് മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും പോലീസ് വ്യക്തമാക്കി.