അഹമ്മദാബാദ്: “മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ?’. സംശയിക്കണ്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിലെ സ്കൂളിൽ നടത്തിയ പരീക്ഷയിലെ ചോദ്യമാണിത്.
സുഫലം ശാല വികാസ് സങ്കുൽ എന്ന സംഘടന നടത്തുന്ന ഇന്റേണൽ അസസ്മെന്റ് പരീക്ഷയിലാണു മഹാത്മാഗാന്ധിയെ സംബന്ധിച്ച വിവാദ ചോദ്യം. ഗുജറാത്തിയിൽ തയാറാക്കിയ ചോദ്യപേപ്പറിൽ എങ്ങനെയാണു ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്നാണു ചോദിച്ചിരിക്കുന്നത്. സർക്കാരിന്റെ സാന്പത്തിക സഹായത്തോടുകൂടി പ്രവർത്തിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവ.
അനധികൃത മദ്യകടത്തുകാരെ കുറിച്ചുള്ള ചോദ്യവും വിവാദമായിട്ടുണ്ട്. “നിങ്ങളുടെ പ്രദേശത്ത് വർധിച്ചുവരുന്ന മദ്യക്കച്ചവടത്തെക്കുറിച്ചും വ്യാജമദ്യം ഉണ്ടാക്കുന്നവർ മൂലമുള്ള ശല്യങ്ങളെക്കുറിച്ചും പരാതിപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്കു കത്തെഴുതുക’ എന്നതാണു ചോദ്യം. സന്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണു ഗുജറാത്ത്.
ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭരത് വധേർ അറിയിച്ചു. സ്കൂൾ മാനേജ്മെന്റാണു ചോദ്യപേപ്പർ തയാറാക്കിയതെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതിൽ യാതൊരു പങ്കുമില്ലെന്നും ഭരത് വധേർ പറഞ്ഞു.
സ്വന്തം ജന്മനാട്ടിൽ തന്നെയാണു ഗാന്ധിക്ക് ഇത്തരമൊരു അവഹേളനം എന്നതും ശ്രദ്ധേയമാണ്. 1948 ജനുവരി 30-നാണ് തീവ്ര ഹിന്ദുത്വവാദിയായ നഥുറാം ഗോഡ്സെയുടെ വെടിയേറ്റു ഗാന്ധിജി കൊല്ലപ്പെടുന്നത്.