കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ ആറ് കൊലപാതകങ്ങളിൽ ഒന്നരവയസുകാരി പൊന്നാമറ്റത്തിൽ ആൽഫൈനെ കൊന്നത് താനല്ലെന്ന മുഖ്യപ്രതി ജോളിയുടെ മൊഴി അഭിഭാഷകൻ ഉപദേശിച്ചതിനാലാണെന്ന് കുറ്റസമ്മതം. ഞായറാഴ്ച മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് പിടിച്ചുനിൽക്കാനാകാതെ ജോളിയുടെ തുറന്നുപറച്ചിൽ.
ആൽഫൈനെ കൊന്നത് ഒരുകാരണവശാലും പോലീസിനുമുമ്പാകെ സമ്മതിക്കരുതെന്ന് അഭിഭാക്ഷകൻ നിർബന്ധിച്ചു. പിഞ്ചുകുഞ്ഞായതിനാൽ കോടതിയിൽനിന്ന് യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്ന് അഭിഭാഷകൻ ഉപദേശിച്ചു. മറ്റുള്ളവർ മുതിർന്നവരായിനാൽ സംശയത്തിന്റെ ആനുകൂല്ല്യം നേടി കേസിൽനിന്ന് ഊരിപ്പോരാമെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. അതിനാലാണ് ആൽഫൈന്റെ മാത്രം കാര്യത്തിൽ മൊഴി മാറ്റി മാറ്റി പറഞ്ഞ് ഇതുവരെ പിടിച്ചുനിന്നതെന്ന് ജോളി ഇന്നലെ അന്വേഷണസംഘത്തിനു മൊഴിനൽകി.
ഭർത്താവ് റോയ് തോമസിനെ ഇല്ലാതാക്കിയതോടെ എത്രയും വേഗം ഷാജുവിന്റെ പിതൃസഹോദര പുത്രനായ ഷാജു സക്കറിയാസിനെ സ്വന്തമാക്കാൻ തീരുമാനിച്ചു. ഇത് നേരത്തെ തോന്നിയതിനാലാണ് റോയിയെ തരംകിട്ടിയപ്പോൾ കൊലപ്പെടുത്തിയത്. ഷാജുവും താനും തമ്മിലുള്ള പുനഃർവിവാഹത്തിന് ഷാജുവിന്റെ പിതാവ് പി.ടി.സക്കറിയാസിൽനിന്ന് വേണ്ടത്ര സഹായം ലഭിച്ചിട്ടുണ്ട്. ഷാജു അറിയുന്നതിനു മുൻപ് സക്കറിയാസിനോടാണ് താൻ ഇക്കാര്യം സംസാരിച്ചത്.
അദ്ദേഹവും നല്ല താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ ഷാജുവിനെ വിവാഹം ചെയ്താൽ ആദ്യഭാര്യയിലെ ആൽഫൈനെ പരിപാലിക്കേണ്ടിവരും. ഒന്നരവയസേ ഉള്ളുവെന്നതിനാൽ താൻ വീട്ടിൽതന്നെ കെട്ടിയിടപ്പെടും.അതിനാലാണ് ആൽഫൈനെ കൊലപ്പെടുത്തിയത്.ഷാജുവിന്റെ മൂത്തമകൻ ഏയ്ബലിന്റെ ആദ്യകുർബാന ദിവസം വീട്ടിലെ സത്ക്കാരത്തിന് തന്നെയും വിളിച്ചിരുന്നു.
അന്ന് ആൽഫൈനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് വാനിറ്റി ബാഗിൽ സയനൈഡ് നിറച്ച ഡപ്പിയുമായി പോയത്. മറ്റുള്ളവർ ഭക്ഷണം കഴിക്കുന്പോൾ ആൽഫൈൻ ഓടിനടന്ന് ഷാജുവിന്റെ സഹോദരി ഷീനയിൽനിന്ന് ഭക്ഷണം വായിൽമേടിക്കുന്നത് കണ്ടു. തന്ത്രപൂർവം അടുക്കളയിൽപോയപ്പോൾ അയൽവാസിയായ സ്ത്രീ ഭക്ഷണം പ്ളേറ്റിലാക്കുന്നത് കണ്ടു.
ആ സമയം ആരുംകാണാതെ സയനൈഡ് ബ്രെഡിൽ തേച്ച് ഷീനയുടെ മുന്നിലെ പ്ളേറ്റിൽ വയ്ക്കുകയായിരുന്നു. കുഞ്ഞ് ഭക്ഷണത്തിനായി വീണ്ടും ഓടിയടുത്തപ്പോൾ ആബ്രഡ് ഷീന മുറിച്ച് ഇറച്ചിച്ചാറിൽ മുക്കി നൽകുകയായിരുന്നെന്നും ജോളി മൊഴി നൽകി. അന്വേഷണസംഘം അയൽവാസിയായ ഊന്നുകല്ലേൽ ലിസിയിൽനിന്ന് ശനിയാഴ്ച രാത്രി മൊഴിയെടുത്തതിനുശേഷമാണ് ഇന്നലെ ജോളിയെ വിശദമായി ചോദ്യം ചെയതത്. ലിസി അന്നു നടന്ന സംഭവങ്ങൾ അന്വേഷണസംഘത്തോട് വിശദമായി വിവരിച്ചിരുന്നു.