ഗാന്ധിനഗർ: അമിത ജോലി ഭാരത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ കൈ ഞരന്പു മുറിച്ചും അധികമായി ഗുളികകൾ കഴിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ച മെഡിക്കൽ കോളജിലെ യുവഡോക്ടർ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ അവസാന വർഷ പി.ജി വിദ്യാർഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. അമിത ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ഡോക്ടർതന്നെ വെളിപ്പെടുത്തിയിരുന്നു.
ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അദ്ദേഹം പി.ജി. അസോസിയേഷന് പരാതി നൽകുകയും, അസോസിയേഷൻ ഭാരവാഹികൾ പ്രിൻസിപ്പലിന് പരാതി കൈമാറുകയും സൂപ്രണ്ട് ഒാഫീസ് പടിക്കൽ സമരം നടത്തുകയും ചെയ്തു.
ഇതേത്തുടർന്ന് പ്രിൻസിപ്പൽ നാലംഗ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ അന്വേഷണം പൂർത്തീകരിച്ചിട്ടില്ല.കഴിഞ്ഞ നാലിന് ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത് റൂമിലായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്നു മാസമായി അവധിയില്ലാതെ തുടർച്ചയായി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ. 48 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ ലേബർ റൂം ഡ്യൂട്ടി ചെയ്യണം.
വിശ്രമിക്കുവാനോ ഉറങ്ങുവാനോ പോലും അനുവദിക്കാറില്ല. രാത്രി ഡ്യൂട്ടി കഴിഞ്ഞാൽ പകൽ ഡ്യൂട്ടിയും ചെയ്യണം. ആഴ്ചയിൽ ഒരിക്കൽ ഓഫ് ഡ്യൂട്ടിയോ അല്ലെങ്കിൽ അവധിയോ അനുവദിക്കാറില്ല. തങ്ങളും മനുഷ്യരാണെന്ന പരിഗണനപോലും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നായിരുന്നു ഡോക്ടറുടെ പരാതി.