തൃശൂർ: പോലീസ് സ്മൃതിദിന ഭാഗമായി ജില്ലയിൽ പോലീസ് ബുള്ളറ്റ് റാലി നടക്കും. 20 നു വൈകീട്ട് നാലിന് പാലിയേക്കരയിലാണ് തുടക്കം. നഗരംചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. 1959 ലെ ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്കിൽ കാണാതായ പത്തു പോലീസുകാരുടെ സ്മരാണാർഥമാണ് ഇന്ത്യയിലെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്. ഒക്ടോബർ 21 നാണ് പോലീസ് സ്മൃതിദിനം.
ജില്ലയിൽ സ്മൃതിദിന ഭാഗമായി വിപുലമായ പരിപാടികൾക്കു സിറ്റി പോലീസ് രൂപം നൽകി. 20 ന് രാവിലെ ആറിനു പോലീസും പൗരാവലിയും ചേർന്ന് അഞ്ചു കിലോമീറ്റർ കൂട്ടയോട്ടം നടക്കും. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരവും നടക്കും.
ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ 17, 18 തീയതികളിലായി വിദ്യാർത്ഥികൾക്കു സന്ദർശിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. പോലീസ് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം പാറമേക്കാവ് രോഹിണി ഹാളിൽ 19 നു രാവിലെ നടക്കും.
ഈ വർഷം ഡ്യൂട്ടിക്കിടെ മരണപ്പെട്ട മുഴുവൻ പോലീസ് സേനാംഗങ്ങളുടെ പേരുവിവരം വായിച്ച് ആദരാഞ്ജലി അർപ്പണവും പ്രത്യേക പോലീസ് പരേഡും ജില്ലാ സായുധസേന പരേഡ് ഗ്രൗണ്ടിൽ 21 നു രാവിലെ എട്ടിനു നടക്കും.