കണ്ണപുരം: ചെറുകുന്നിൽ റെയിൽവെ ഗേറ്റ് തകർന്ന് വീണ് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം താറുമാറായി.ചെറുകുന്ന് കോൺവെന്റ് റോഡിലെ റെയിൽവേ ഗേറ്റാണ് ഇന്ന് പുലർച്ചെ 3.30 തോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനിന് മുകളിൽ വീണത്. ഇതോടെ ഷൊർണൂർ – മംഗളൂരു റൂട്ടിലെ റെയിൽ ഗതാഗതം താറുമാറായി.
കോൺവെന്റ് റോഡിലെ ഗതാഗതവും സ്തംഭിച്ചു. ചെറുകുന്ന് മിഷൻ ആശുപത്രിയിലെത്തേണ്ട രോഗികളും നാട്ടുകാരും ബദൽ മാർഗത്തിലൂടെ ലക്ഷ്യത്തിലെത്തി. കണ്ണൂരിൽ നിന്നും റെയിൽവെ ഉദ്യോഗസ്ഥരും ജീവനക്കാരും ചെറുകുന്നിൽ എത്തി ഇലക്ട്രിക്ക് ലൈൻ അറ്റകുറ്റപണി നടത്തിയാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
റെയിൽവേ ഇലക്ട്രിക്കൽ ലൈനുകൾ തകരാറിലായതിനെ തുടർന്ന് പുലർച്ചെ നാലുമുതൽ രാവിലെ 8.30 വരെ വിവിധ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം നിർത്തിയിട്ടു.