തിരുവനന്തപുരം: പത്ത് വർഷം മുൻപ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാങ്ങോട് ഭരതന്നൂർ രാമരശേരി വിജയവിലാസത്തിൽ വിജയകുമാർ-ഷീജ ദന്പതികളുടെ മകൻ ആദർശ് വിജയന്റെ (14) മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.
തിരുവനന്തപുരം ആർഡിഒ, ഫോറൻസിക് സർജൻ ഡോ.ശശികല, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഹരികൃഷ്ണൻ, ആറ്റിങ്ങൽ ഡിവൈഎസ്പി കെ.വിദ്യാധരൻ, പാങ്ങോട് സിഐ സുനീഷ്, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്.
2009 ഏപ്രിൽ അഞ്ചിന് വൈകുന്നേരം അയലത്തെ വീട്ടിൽ നിന്നും പാൽ വാങ്ങാൻ പോയ കുട്ടി നേരം വൈകിയിട്ടും വീട്ടിൽ എത്താതിരുന്നതോടെയാണ് തെരച്ചിൽ തുടങ്ങിയത്. തെരച്ചിലിന് ഒടുവിൽ കുട്ടിയുടെ മൃതദേഹം വയലിന് സമീപത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. കുട്ടി മുങ്ങി മരിച്ചതാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്ന് ഒരു വർഷം പിന്നിട്ടപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ അടുത്തകാലത്ത് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ലെന്നും സുഷുമ്ന നാഡിക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും അന്വേഷണ സംഘം മനസിലാക്കി. കൂടാതെ കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറയും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം വൃത്തിയാക്കിയപ്പോൾ ഒരു മണ്വെട്ടി കൈ കണ്ടെടുത്തു. ഇതെല്ലാം കൂട്ടിച്ചേർത്താണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നിരവധി പേരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. സംശയമുണ്ടാ യിരുന്ന രണ്ടുപേരെ നുണ പരിശോധനയ്ക്കും വിധേയരാക്കി. പലരും ഇപ്പോഴും നിരീക്ഷണത്തിലുമാണ്. മൃതദേഹം പുറത്തെടുത്തു വീണ്ടും പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.