കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയാസിനേയും അന്വേഷണസംഘം കസ്റ്റഡിയിൽ പത്തു മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരും വടകര റൂറൽ എസ്പി കെ.ജി. സൈമണിന്റെ ഓഫീസിൽ ഹാജരായത്. തുടർന്ന് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. രണ്ടു പേരെയും വെവ്വേറെയാണ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് രണ്ടുപേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായി ആദ്യം ഉത്തരം നൽകിയ ഇരുവരും കൂടുതൽ തെളിവുകൾ നിരത്തിയതോടെ അന്വേഷണസംഘത്തോടു സഹകരിച്ചു.
ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ നടത്തിയ ഫോണ് സംഭാഷണത്തിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതുവഴി ചില നിർണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. ഈ വിവരങ്ങൾ സഹിതമാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്തത്.
നേരത്തെ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ ജോളിയുടേയും മറ്റു രണ്ടു പ്രതികളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഞായറാഴ്ച അന്വേഷണസംഘം ഷാജുവിന്റെ വീട്ടിലെത്തുകയും ഹാജരാകണമെന്നു നോട്ടീസ് നൽകുകയുമായിരുന്നു.
ഷാജുവിന്റെ ഭാര്യ സിലിയുടേയും മകൾ ആൽഫൈന്റെയും കൊലപാതകവുമായി ബന്ധപ്പെട്ടു ഷാജുവിനെതിരേ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷാജുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു സംശയം. ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ഷാജുവിനെ ചോദ്യം ചെയ്തത്.