കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കൂടുംബത്തിലെ ആറുപേരുടെ അസ്വാഭാവിക മരണത്തിൽ സംശയം ഉയർത്തി ടോം തോമസിന്റെ പുത്രൻ അമേരിക്കയിലുള്ള റോജോ നൽകിയ പരാതി കോഴിക്കോട് റൂറൽ പോലീസ് ആദ്യം അവഗണിച്ചു. റോജോ അമേരിക്കയിൽനിന്ന് കഴിഞ്ഞതവണ നാട്ടിലെത്തിയപ്പോൾ ആറുമാസം മുൻപ് അന്നത്തെ റൂറൽ എസ്പി യു.അബ്ദുൾ കരീമിനാണ് ആദ്യം പരാതി നൽകിയത്.
പരാതിയിൽ കഴന്പുണ്ടെന്നുകണ്ട എസ്പി ഇത് ജാഗ്രതയോടെ അന്വേഷിക്കണം എന്ന കുറിപ്പോടെ അന്നത്തെ താമരശേരി ഡിവൈഎസ്പി കെ.വി.അബ്ദുൾ ഖാദറിന് കൈമാറി. സമാന്തര അന്വേഷണം നടത്താൻ റൂറൽ എസ്പിക്ക് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ ജീവൻ ജോർജിനും നിർദേശം നൽകി.
പരാതിക്കു പിന്നിൽ റോജോയുടെയും സഹോദരിയുടെയും സ്വത്ത് മോഹമാണെന്നും കേസ് സിവിൽകേസിന്റെ പരിധിയിലേ വരികയുള്ളുവെന്നും നടന്നത് സ്വാഭാവിക മരണമാണെന്നും ജോളി നിരപരാധിയാണെന്നുമായിരുന്നു താമരശേരി ഡിവൈഎസ്പിയുടെ കണ്ടെത്തൽ. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം വിശദമായ അന്വേഷണ റിപ്പോർട്ട് റൂറൽ എസ്പി ഓഫീസിലേക്ക് അയക്കുന്പോഴേക്കും യു. അബ്ദുൾ കരീമിനു സ്ഥലംമാറ്റമുണ്ടായി പകരം കെ.ജി.സൈമൺ എസ്പിയായി ചുമതലയേറ്റിരുന്നു.
ജീവൻ ജോർജ് രണ്ടുമാസത്തിലധികം സമയമെടുത്ത് കോഴിക്കോട്, ഇടുക്കി ജില്ലകളിലടക്കം ചുറ്റിസഞ്ചരിച്ച് നടത്തിയ അന്വേഷണത്തിൽ ആറുമരണവും കൊലപാതകം ആകാനുള്ള സാധ്യത കണ്ടെത്തി. ഇതിന് സഹായകരമായ നിരവധി തെളിവുകൾ അദ്ദേഹം ശേഖരിച്ച് വിശദമായ റിപ്പോർട്ട് റൂറൽ എസ്പി കെ.ജി സൈമണ് കൈമാറുകയായിരുന്നു. ജീവന്റെ മേലുദ്യോഗസ്ഥനായ താമരശേരി മുൻ ഡിവൈഎസ്പിയുടെ റിപ്പോർട്ട് തള്ളിയാണ് കെ.ജി.സൈമൺ വിശദമായ അന്വേഷണത്തിന് തീരുമാനിച്ചത്.
ജീവന്റെ റിപ്പോർട്ട് പഠിച്ച എസ്പി ഉടൻതന്നെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് സ്പെഷൽ ടീം രൂപീകരിച്ചു. സർവീസിൽ മികവുള്ള ഡിവൈഎസ്പി ആർ.ഹരിദാസന് ടീമിന്റെ ചുമതല നൽകി. ജീവൻ ജോർജിന്റെ വഴിയേ സഞ്ചരിച്ച സ്പെഷൽടീം തെളിവുകളും സാക്ഷിമൊഴികളും കോർത്തിണക്കി തയാറെടുപ്പ് നടത്തി.
മൃതദേഹങ്ങളിൽ ഫോറൻസിക് പരിശോധന നടത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നതറിഞ്ഞ ജോളി ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ റൂറൽ എസ്പിയേയും ഡിവൈഎസ്പി ആർ.ഹരിദാസനേയും മാറ്റാൻ ശക്തമായ ശ്രമം നടത്തി.
ഡിവൈഎസ്പിയെ സ്ഥലം മാറ്റി ഇതിനിടെ ഉത്തരവിറങ്ങി. അപകടം മണത്ത റൂറൽ എസ്പി കെ.ജി.സൈമൺ കല്ലറ പൊളിച്ചതിന്റെ പിറ്റേന്ന് ജോളിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റൂറൽ എസ്പി തന്ത്രപരമായ ആ നീക്കം നടത്തിയില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനു സ്ഥലംമാറ്റം ഉണ്ടാകുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമായിരുന്നെന്ന് ഉന്നത പോലീസ് നേതൃത്വം വെളിപ്പെടുത്തി.
പ്രമാദമായ ആറു കൊലപാതകങ്ങളുടെ ചുരുളഴിക്കുന്നതിനു പകരം പരാതി നിസാരമായി കണ്ട മുൻ താമരശേരി ഡിവൈഎസ്പിയുടെ നടപടി ദുരൂഹമാണെന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. കേസ് ഒതുക്കാൻ ശ്രമിച്ച രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങളും ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.