കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്ത് വീണ്ടും മലയാളിത്തിളക്കം. ബിസിസിഐ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മലയാളിയായ ജയേഷ് ജോർജ് നാമനിർദേശപത്രിക സമർപ്പിച്ചതോടെയാണു എസ്.കെ. നായർ, ടിസി മാത്യു എന്നിവർക്കുശേഷം ബിസിസിഐ ഭാരവാഹിയായി ഒരു മലയാളികൂടി എത്തുന്നത്.
ജയേഷ് ജോർജ് ബിസിസിഐ തലപ്പത്ത് എത്തുന്നതോടെ കേരള ക്രിക്കറ്റിന് പുത്തൻ ഉണർവുണ്ടാകുമെന്നാണു പ്രതീക്ഷ. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയ മലയാളിതാരം സഞ്ജു സാംസണ് അടക്കമുള്ള താരങ്ങൾക്ക് ജയേഷ് ജോർജിന്റെ പുതിയ പദവി കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കോഴ വിവാദത്തെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീങ്ങിയ ശ്രീശാന്തിനും പുത്തൻ പ്രതീക്ഷയാണ് ഇദ്ദേഹത്തിന്റെ വരവ്. വീണ്ടും കളിക്കാനാകുമെന്ന പ്രതീക്ഷ ശ്രീശാന്ത് നേരത്തെ പ്രകടിപ്പിച്ചിരുന്നു.
നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ജയേഷ്. 2005ൽ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായാണ് ക്രിക്കറ്റ് ഭരണ നേതൃത്വത്തിലേക്ക് എത്തിയത്. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചു. 2017ൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു.
കേരളത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ സംഘാടകനായിരുന്ന ജയേഷ് ജോർജ് 2014ൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിന്റെ മാനേജരായിരുന്നു. 2013ൽ ന്യൂസിലാൻഡ് എ ടീമിന്റെ ഇന്ത്യൻ പര്യടനവേളയിലും ഇന്ത്യൻ എ ടീമിന്റെ മാനേജരായിരുന്നു. ബിസിസിഐ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1969 ഏപ്രിൽ ഏഴിനാണ് ജനനം. എറണാകുളം സ്വാന്റൻസ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായാണ് ജയേഷ് ജോർജിന്റെ തുടക്കം. മിന്ന ജയേഷാണ് ഭാര്യ. ജോർജ് എം. ജയേഷ്, മാത്യു എം. ജയേഷ് എന്നിവർ മക്കളാണ്.