ദുബായ്: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പർ ഓവറിന്റെ പശ്ചാത്തലത്തിൽ ഐസിസി പുതിയ നിയമം കൊണ്ടുവന്നു. ഇന്നലെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് ഐസിസി പുറപ്പെടുവിച്ചത്.
നിശ്ചിത ഓവർ മത്സരം ടൈ ആകുകയും ജേതാവിനെ നിശ്ചയിക്കാനായി തുടർന്നു നടത്തുന്ന സൂപ്പർ ഓവറിലും ഫലം ഉണ്ടായില്ലെങ്കിൽ, സമനിലക്കുടുക്ക് പൊട്ടിക്കുന്നതുവരെ സൂപ്പർ ഓവർ മത്സരം തുടരുമെന്നതാണ് പുതിയ നിയമം. ഐസിസി ടൂർണമെന്റുകളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ടൈ വരുകയാണെങ്കിലാണ് പുതിയ നിയമം നടപ്പാക്കുക.
ഇംഗ്ലണ്ട് കിരീടം നേടിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നിശ്ചിത ഓവർ പോരാട്ടത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും 241 റണ്‍സ് വീതമായിരുന്നു എടുത്തത്. തുടർന്ന് നടത്തിയ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതം നേടി തുല്യത പാലിച്ചു. അതോടെ മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. ആ തീരുമാനം ക്രിക്കറ്റ് ലോകത്ത് ശക്തമായ വിമർശനത്തിനും എതിർപ്പിനും കാരണമായിരുന്നു.