ന്യൂഡൽഹി: നടിയെ ആക്രമിക്കുന്ന കേസിലെ ദൃശ്യങ്ങൾ കർശന വ്യവസ്ഥകളോടെയാണെങ്കിൽ പോലും നടൻ ദിലീപിനു നൽകരുതെന്ന് പരാതിക്കാരിയായ നടിയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
തന്റെ സ്വകാര്യത മാനിക്കണമെന്നും എന്നാൽ, ദിലീപിനെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ ദൃശ്യങ്ങൾ കാണിക്കുന്നതിൽ എതിർപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. മെമ്മറി കാർഡിന്റെ പകർപ്പ് തേടി ദിലീപ് നൽകിയ കേസിൽ രേഖാമൂലം നൽകിയ വാദത്തിലാണ് നടിയും സർക്കാരും ഇക്കാര്യം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നാണ് ഹർജിക്കാരനായ ദിലീപിന്റെ വാദം. ഈ ആവശ്യം അംഗീകരിക്കരുതെന്നാണ് പരാതിക്കാരിയും സർക്കാരും ആവർത്തിച്ചത്. കേസിലെ അന്തിമവാദം പൂർത്തിയാക്കിയതിനു ശേഷം വിധി പറയാനായി മാറ്റിയിരുന്നു. ഇതിനു ശേഷമാണ് വാദങ്ങൾ രേഖാമൂലം നൽകിയത്.
മെമ്മറി കാർഡ് തൊണ്ടി മുതലും അതിലെ ദൃശ്യങ്ങൾ കേസിലെ രേഖയുമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാർഡ് തൊണ്ടിയാണോ രേഖയാണോ എന്നു വ്യക്തമാക്കാൻ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതിനെ തുടർന്നാണ് സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചത്.
തൊണ്ടിയാണെങ്കിലും രേഖയാണെങ്കിലും അതിന്റെ പകർപ്പ് തനിക്കു കിട്ടാൻ അർഹതയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.